

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡാമിയൻ മാർട്ടിൻ മെനിംജൈറ്റിസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഇൻഡ്യൂസ്ഡ് കോമയിൽ നിന്ന് ഉണർന്നു. തലച്ചോറിനുചുറ്റുമുള്ള പാളികളിൽ അണുബാധ സൃഷ്ടിക്കുന്ന ഗുരുതര രോഗമാണ് മെനിംജൈറ്റിസ്.
54 വയസ്സുള്ള മുൻ ടെസ്റ്റ് ബാറ്റ്സ്മാൻ കഴിഞ്ഞ മാസം അവസാനം ക്വിൻസ്‌ലാൻഡിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുശേഷം, അടുത്ത സുഹൃത്തും മുൻ സഹതാരവുമായ ആഡം ഗിൽക്രിസ്റ്റ് മാർട്ടിൻ ഉണർന്നു സംസാരിക്കുന്നുവെന്നും “മികച്ച മാനസികാവസ്ഥയിലാണ്” എന്നും സ്ഥിരീകരിച്ചു.
“കഴിഞ്ഞ 48 മണിക്കൂറിനിടെ സംഭവിച്ച മാറ്റങ്ങൾ അത്ഭുതകരമാണ്. കോമയിൽ നിന്ന് പുറത്തുവന്നതോടെ അദ്ദേഹം അസാധാരണമായ രീതിയിൽ പ്രതികരിക്കുകയാണ്. കുടുംബത്തിന് ഇതൊരു അത്ഭുതം പോലെ തോന്നുന്നു,” ഗിൽക്രിസ്റ്റ് പറഞ്ഞു.
മാർട്ടിൻ ഇപ്പോഴും ചികിത്സയിലും നിരീക്ഷണത്തിലുമാണെങ്കിലും ഉടൻ ഐസിയുവിൽ നിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് കൗമാര പ്രതിഭയായി ഉയർന്ന മാർട്ടിൻ 21-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ഓസ്ട്രേലിയക്കായി 67 ടെസ്റ്റുകളിലും 200-ലധികം ഏകദിന മത്സരങ്ങളിലും കളിച്ച അദ്ദേഹം ഏകദേശം 10,000 റൺസാണ് നേടിയത്.
അപ്രതീക്ഷിതമായ അസുഖവാർത്ത പുറത്ത് വന്നതോടെ മുൻ സഹതാരങ്ങളും ആരാധകരും പിന്തുണയുമായി രംഗത്തെത്തി. “ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹവും പ്രാർത്ഥനകളും മാധ്യമങ്ങളിലൂടെ എത്തിയ സന്ദേശങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതിക്ക് സഹായകമായെന്ന് ഭാര്യ അമാൻഡ വിശ്വസിക്കുന്നു,” ഗിൽക്രിസ്റ്റ് പറഞ്ഞു.
മാർട്ടിൻ്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ ചികിത്സ നല്ല രീതിയിൽ മുന്നേറുകയാണെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ സേവനം “അഭൂതപൂർവം” ആയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. തുടർചികിത്സ തുടരുന്നതിനാൽ സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.