ഓസ്‌ട്രേലിയയിൽ ബന്ധങ്ങൾ തകരാൻ പ്രധാന കാരണം വിലക്കയറ്റം; വിവാഹമോചനം വർദ്ധിക്കുന്നതായി പഠനം

പഠനമനുസരിച്ച് 25 ശതമാനത്തോളം ദമ്പതികൾ പലചരക്ക് ബില്ലുകളെയും പുറത്തുനിന്നുള്ള ഭക്ഷണ ചിലവിനെയും ചൊല്ലി നിരന്തരം തർക്കിക്കുന്നുണ്ട്.
വിലക്കയറ്റം തടയാൻ നിയമങ്ങൾ കൊണ്ടുവരും
ഓസ്‌ട്രേലിയയിൽ ബന്ധങ്ങൾ തകരാൻ പ്രധാന കാരണം വിലക്കയറ്റം(LinKedIn)
Published on

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിൽ ദമ്പതികൾക്കിടയിലെ പിരിപ്പിനും വിവാഹമോചനത്തിനും പ്രധാന കാരണം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവാണെന്ന് (Cost of living) പുതിയ പഠനം വ്യക്തമാക്കുന്നു. ഫാമിലി ലോ ഫണ്ടിംഗ് സർവീസായ ജസ്റ്റ്ഫണ്ട് (JustFund) നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 71 ശതമാനം ഓസ്‌ട്രേലിയക്കാരും വിശ്വസിക്കുന്നത് ഇന്ധനവില വർദ്ധനവ്, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം, ഉയർന്ന പലിശനിരക്ക് എന്നിവ ബന്ധങ്ങളെ തകർക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ്.

പഠനമനുസരിച്ച് 25 ശതമാനത്തോളം ദമ്പതികൾ പലചരക്ക് ബില്ലുകളെയും പുറത്തുനിന്നുള്ള ഭക്ഷണ ചിലവിനെയും ചൊല്ലി നിരന്തരം തർക്കിക്കുന്നുണ്ട്. കൂടാതെ 20 ശതമാനം പേർ വീട്ടുവാടക, മോർട്ട്‌ഗേജ് തിരിച്ചടവ്, ഇലക്ട്രിസിറ്റി ബില്ലുകൾ എന്നിവയെച്ചൊല്ലിയാണ് കലഹിക്കുന്നത്. സാമ്പത്തികമായ അനിശ്ചിതത്വം കാരണം തൃപ്തികരമല്ലാത്ത ബന്ധങ്ങളിൽ നിന്ന് പോലും പുറത്തുകടക്കാൻ പലർക്കും സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വിവാഹമോചനത്തിനായുള്ള നിയമനടപടികൾക്ക് പതിനായിരക്കണക്കിന് ഡോളർ ചിലവാകുന്നത് സ്ത്രീകളെയും കുറഞ്ഞ വരുമാനക്കാരെയും മോശമായ സാഹചര്യങ്ങളിൽ തുടരാൻ നിർബന്ധിതരാക്കുന്നു.

സാമ്പത്തിക സമ്മർദ്ദം ജോലിസ്ഥലത്തെ പ്രകടനത്തെയും കുട്ടികളെ വളർത്തുന്നതിനെയും സുഹൃദ്ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമസഹായത്തിന് അർഹതയില്ലാത്തതും എന്നാൽ സ്വകാര്യ വക്കീലിനെ വെക്കാൻ പണമില്ലാത്തതുമായ ഒരു വിഭാഗം ഓസ്‌ട്രേലിയയിൽ വർദ്ധിച്ചുവരികയാണെന്ന് ജസ്റ്റ്ഫണ്ട് സിഇഒ ജാക്ക് ഒഡണൽ പറഞ്ഞു. ബന്ധങ്ങളിൽ വിള്ളലുണ്ടാകുമ്പോൾ വിശ്വാസയോഗ്യരായ സാമ്പത്തിക ഉപദേഷ്ടാക്കളുടെയോ നിയമവിദഗ്ധരുടെയോ സഹായം തേടുന്നത് മികച്ച പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au