

ചൈനയിൽ നിർമ്മിച്ച ഇലക്ട്രിക് ബസുകൾ ഓസ്‌ട്രേലിയൻ റോഡുകളിൽ സർവീസ് നടത്തിയതിനെ തുടർന്ന് ആശങ്ക. ഡെൻമാർക്കിലും നോർവേയിലും ഇപ്പോൾ അവലോകനത്തിലുള്ള ഇലക്ട്രിക് ബസുകൾ നിർമ്മിക്കുന്ന അതേ ചൈനീസ് കമ്പനി തന്നെ ഓസ്‌ട്രേലിയൻ റോഡുകളിലും ബസുകൾ പ്രവർത്തിപ്പിക്കുന്നത് സൈബർ സുരക്ഷാ വിദഗ്ധരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
നോർവീജിയൻ പൊതു ഗതാഗത സേവന ദാതാവായ റൗട്ടർ അടുത്തിടെ നടത്തിയ പരിശോധനയിൽ, ബസ് നിർമ്മാതാക്കളായ യൂതോങ് ഗ്രൂപ്പിന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കും ഡയഗ്നോസ്റ്റിക് പരിശോധനകൾക്കും ബസിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ബസിനെ ദൂരസ്ഥലത്ത് നിന്ന് നിയന്ത്രിക്കാനോ ഓഫ് ചെയ്യാനോ കഴിഞ്ഞേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത് .
അതേസമയം, യൂതോങ് ഓസ്ട്രേലിയയുടെ വെബ്‌സൈറ്റ് പ്രകാരം, 2012 മുതൽ ഓസ്‌ട്രേലിയയിലേക്ക് 1,500-ത്തിലധികം വാഹനങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. ഓസ്‌ട്രേലിയയിൽ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വിദൂരമായി ചെയ്യുന്നതല്ല, മറിച്ച് സർവീസ് സെന്ററുകളിൽ നേരിട്ട് ചെയ്യുന്നതാണ് പതിവെന്നും റൗട്ടർ നടത്തിയ പരിശോധനയിൽ ഏത് യുതോങ് മോഡൽ പങ്കെടുത്തതാണെന്ന് വ്യക്തമല്ലെന്നും യുതോങ് വ്യക്താവ് സൂചിപ്പിച്ചു.