

കാൻബെറയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടപ്പാതകൾക്കരികിൽ 11 സ്‌ഫോടക ഉപകരണങ്ങൾ (പൈപ്പ് ബോംബുകൾ) കണ്ടെത്തിയതായി ഓസ്ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറി പൊലീസ് അറിയിച്ചു.
ബെൽക്കോന്നൻ പ്രദേശത്തെ ലേക്ക് ജിന്നിൻഡെറയ്ക്കു സമീപം Joynton Smith Drive മുതൽ Ginninderra Drive വരെ പൊതുസ്ഥലങ്ങളിൽ നിരവധി പൈപ്പ് ബോംബുകൾ കണ്ടെത്തിയതിനെത്തുടർന്ന് ബുധനാഴ്ച അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഓസ്ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറി പോലീസിഹ് ഡിറ്റക്ടീവ് ആക്റ്റിംഗ് ഇൻസ്പെക്ടർ ആന വ്രോൺസ്‌കി പൊതുജനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ, സംശയാസ്പദ വസ്തുക്കൾ കണ്ടാൽ സ്പർശിക്കരുതെന്നും ഉടൻ 000 (Tripple Zero)യിൽ വിളിക്കണമെന്നും പറഞ്ഞു.
“എന്തുതരം സ്‌ഫോടക വസ്തുക്കളും അപകടകാരിയാണ്. ഭാഗ്യവശാൽ ഇതുവരെ പരിക്കേറ്റവർ ഇല്ല. എന്നാൽ ഇവ പൊതുസ്ഥലങ്ങളിൽ വെച്ചതാണ്, ആരും ഇടറുകയോ എടുത്തുനോക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്,” അവര്‍ പറഞ്ഞു.
ഞങ്ങൾ ഇത് അതീവ ഗൗരവത്തോടെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസ് കണ്ടെത്തുന്നതിന് മുമ്പ് ചില ഉപകരണങ്ങൾ പൊട്ടിപ്പോയതായും ചിലത് പൊട്ടാതെ അവിടെ തന്നെയായും കണ്ടെത്തിയതായും അവർ വ്യക്തമാക്കി.
ജനങ്ങൾ ഉപകരണങ്ങളെ സ്പർശിക്കാതെ പൊലീസിനെ അറിയിക്കാൻ ആവർത്തിച്ച് നിര്‍ദ്ദേശം നല്‍കി.
ഇത് ഭീകരപ്രവർത്തനമായി കരുതുന്നില്ലെന്നും, എന്തുകൊണ്ട് ഈ ഉപകരണങ്ങൾ പൊതുസ്ഥലങ്ങളിൽ വെച്ചുവെന്നതിനെക്കുറിച്ച് അഭിപ്രായപ്പെടാൻ ഇപ്പോൾ സാധ്യമല്ലെന്നും പൊലീസ് പറഞ്ഞു.
ഉപകരണങ്ങളാൽ ഇതുവരെ സ്വത്തുക്കൾക്കും ആളുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല. പൈപ്പ് ആകൃതിയിലുള്ള, സ്ക്രൂ ക്യാപ്പുള്ള കൈയിൽ വെക്കാവുന്ന വലുപ്പത്തിലുള്ള ഉപകരണങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.