

ബ്രിസ്‌ബെയ്ൻ: 2032-ലെ ബ്രിസ്‌ബെയ്ൻ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസുകൾക്കായി തയ്യാറാക്കിയ ഔദ്യോഗിക ലോഗോകൾ (Emblems) ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ അബദ്ധത്തിൽ ചോർന്നു. ക്വീൻസ്‌ലൻഡിലുടനീളം പര്യടനം നടത്തി തിങ്കളാഴ്ച വിപുലമായ ചടങ്ങുകളോടെ ഔദ്യോഗികമായി പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ചിഹ്നങ്ങളാണ്, തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്ത "എംബ്ലം എക്സ്പ്ലെയിനർ" വീഡിയോയുടെ പ്രിവ്യൂ ചിത്രത്തിലൂടെ നേരത്തെ തന്നെ പുറത്തായത്.
ഓസ്‌ട്രേലിയൻ വന്യജീവി സമ്പത്തിന്റെ അടയാളമായ 'കക്കാറ്റു' (Cockatoo) പക്ഷിയെ അടിസ്ഥാനമാക്കിയാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒളിമ്പിക്, പാരാലിമ്പിക് ദീപശിഖയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കക്കാറ്റുവിന്റെ പൂവൽ ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം ക്വീൻസ്‌ലൻഡ് ഭൂപടത്തിന്റെ ആകൃതിയും ബ്രിസ്‌ബെയ്‌നിലേക്ക് ഉറ്റുനോക്കുന്ന തരത്തിലുള്ള കണ്ണുകളും ചിഹ്നത്തിന്റെ പ്രത്യേകതയാണ്. വീഡിയോ ഉടൻ തന്നെ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തെങ്കിലും ചിത്രം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോഗോ പുറത്തായത് ആസൂത്രിതമാണോ എന്ന ചോദ്യത്തിന് ഒളിമ്പിക്സ് മന്ത്രി ടിം മാൻഡർ വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും, ഇത് ലോകമെമ്പാടും വൻ പ്രചാരം നേടിത്തന്നുവെന്ന് ബ്രിസ്‌ബെയ്ൻ 2032 ചീഫ് മാർക്കറ്റിംഗ് ഓഫീസർ ബ്രെന്റ് ഹിൽ പ്രതികരിച്ചു. നിശ്ചയിച്ചതുപോലെ തിങ്കളാഴ്ച ബ്രിസ്‌ബെയ്നിൽ ലോഗോയുടെ ഔദ്യോഗിക പൊതുപ്രകാശനം നടക്കും.