

ഓസ്ട്രേലിയയിലെ നാല് പ്രമുഖ ബാങ്കുകളും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയോ പിരിച്ചുവിടൽ നടപടികൾ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നു. 2025 സെപ്റ്റംബർ മുതൽ ഇതുവരെ ഏകദേശം 6,000 ബാങ്ക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായോ നഷ്ടപ്പെടാനിരിക്കുന്നതായോ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓസ്ട്രേലിയൻ ബാങ്കിങ് മേഖലയിൽ 10,000ത്തിലധികം ജോലികൾ ഇല്ലാതായെന്നാണ് ഫിനാൻഷ്യൽ സർവീസസ് യൂണിയന്റെ കണക്ക്. ഇതിൽ പല ജോലികളും വിദേശത്തേക്ക് മാറ്റുകയോ നിർമിതബുദ്ധി (AI) ഉപയോഗിച്ച് പകരംവയ്ക്കുകയോ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ANZ ബാങ്ക് 3,500 ജീവനക്കാരെ പിരിച്ചുവിട്ടു. അതേസമയം ബാങ്കിന്റെ നിയമപരമായ അറ്റാദായം 23 ശതമാനം വർധിച്ച് 7.27 ബില്യൺ ഓസ്ട്രേലിയൻ ഡോളറിലെത്തി. ജീവനക്കാരെ പിരിച്ചുവിടുന്നതിനിടയിലും ബാങ്കുകൾ വൻ ലാഭം നേടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ട് ദിവസത്തെ പാർലമെന്ററി ഹിയറിങ്ങിൽ പ്രധാന ചർച്ചയാകും. നാല് പ്രമുഖ ബാങ്കുകളുടെയും മേധാവികൾ ഇതിൽ വിശദീകരണം നൽകും.
ആദ്യ ദിവസം ANZ-ന് പിന്നാലെ ഹാജരാകുന്ന വെസ്റ്റ്പാക്, ഒക്ടോബറിൽ 250 ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു. അതേ മാസം NAB ക്രിസ്മസിന് മുമ്പ് 1,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടി ജനുവരി അവസാനത്തിലേക്ക് മാറ്റി. സെപ്റ്റംബറിൽ അവസാനിച്ച 12 മാസത്തിനിടെ ഏകദേശം 11 ബില്യൺ ഡോളറിന്റെ അറ്റാദായം നേടിയ കോമൺവെൽത്ത് ബാങ്ക് 2026 അവസാനത്തോടെ 1,000 ജോലികൾ കൂടി ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകൾ ഓസ്ട്രേലിയയിലെ ജോലികൾ വെട്ടിക്കുറച്ച് അതേ ജോലികൾ വിദേശത്തേക്ക് മാറ്റുകയാണെന്നും ഇതേ സമയത്ത് വലിയ ലാഭം പ്രഖ്യാപിക്കുകയാണെന്നും പാർലമെന്ററി ബാങ്കിങ് സമിതി അധ്യക്ഷൻ എഡ് ഹുസിക് പറഞ്ഞു. AI ഉപയോഗവും അതിന്റെ തൊഴിൽ മേഖലയിലെ പ്രത്യാഘാതങ്ങളും ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം എബിസി ടെലിവിഷനോട് വ്യക്തമാക്കി.
ഒക്ടോബറിൽ പ്രഖ്യാപിച്ച പിരിച്ചുവിടലിന്റെ ഭാഗമായി NAB സാങ്കേതികവിദ്യ, റിസ്ക്, കംപ്ലയൻസ് വിഭാഗങ്ങളിൽ വലിയ വെട്ടിക്കുറവ് നടത്തുന്നതിനെ ഹുസിക് നേരത്തെ വിമർശിച്ചിരുന്നു. ഇത്തരം നടപടികളെ അദ്ദേഹം ആശങ്കാജനകമെന്ന് വിശേഷിപ്പിച്ചു. AI ഉപയോഗവുമായി ബന്ധപ്പെട്ട തെറ്റായ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ ബാങ്ക് മേധാവികൾ കരുതുന്നതിലും ഗുരുതരമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. AI സംവിധാനങ്ങൾ നടപ്പാക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ കൃത്യമായി വിലയിരുത്താതെ ഡയറക്ടർ ബോർഡുകൾ തീരുമാനമെടുത്താൽ, അത്തരം തീരുമാനങ്ങൾക്ക് ഡയറക്ടർമാരുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്ന കാര്യവും പരിശോധിക്കുമെന്ന് ഹുസിക് പറഞ്ഞു. അമേരിക്കയിൽ സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഓസ്ട്രേലിയയിലും ഈ വിഷയം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളോട് ബാങ്കുകൾ സ്വീകരിക്കുന്ന സമീപനവും സമിതിയുടെ പരിഗണനയിൽ വരാൻ സാധ്യതയുണ്ട്. കുറഞ്ഞ ഫീസോ ഫീസില്ലാത്തതോ ആയ അക്കൗണ്ടുകളിലേക്ക് ഏകദേശം 15 ലക്ഷം ഉപഭോക്താക്കളെ മാറ്റാൻ ഉപഭോക്തൃ നിരീക്ഷണ ഏജൻസി ജൂലൈയിൽ കോമൺവെൽത്ത് ബാങ്കിനോട് നിർദേശിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അമിത ഫീസ് ഈടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് 2025 ഡിസംബറിൽ ബാങ്ക് 93 മില്യൺ ഡോളർ തിരികെ നൽകിയിരുന്നു. ക്രെഡിറ്റ് കാർഡ് സർചാർജുകൾ നിരോധിക്കുന്ന പുതിയ തീരുമാനം, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കൽ, ഉയർന്ന പലിശനിരക്കുകൾ വായ്പയെടുക്കുന്നവരിലേക്ക് ബാങ്കുകൾ കൈമാറുന്ന രീതി തുടങ്ങിയ വിഷയങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിലെ ഹിയറിങ്ങിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്.