ഇന്ത്യയിൽ അരങ്ങേറ്റത്തിനൊരുങ്ങി ബിഗ് ബാഷ് ലീഗ്; ഡിസംബറിൽ ആറ് നഗരങ്ങളിലായി ‘ജി’ഡേ നമസ്‌തേ’ ഫെസ്റ്റിവൽ

ഡിസംബർ 12ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ബിഗ് ബാഷ് ലീഗിന്റെ ചരിത്രപരമായ മത്സരം.
ഇന്ത്യയിൽ അരങ്ങേറ്റത്തിനൊരുങ്ങി ബിഗ് ബാഷ് ലീഗ്
BBL 2025-26 Champions Perth Scorchers(File Photo: X/@BBL)
Published on: 

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗ് (BBL) ആദ്യമായി ഇന്ത്യയിൽ മത്സരത്തിനിറങ്ങുന്നു. ഇന്ത്യ–ഓസ്‌ട്രേലിയ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ജി’ഡേ നമസ്‌തേ’ (G’Day Namaste) ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചരിത്രപരമായ മത്സരം നടക്കുന്നത്. ഡിസംബർ 7 മുതൽ 12 വരെ ഇന്ത്യയിലെ ആറ് നഗരങ്ങളിലായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, കൊഹിമ എന്നിവിടങ്ങളിൽ വ്യാപാര, വിദ്യാഭ്യാസ, സാംസ്കാരിക, കായിക പരിപാടികൾ നടക്കും.

ഡിസംബർ 12ന് ചെന്നൈയിൽ ബിഗ് ബാഷ് പോരാട്ടം

ഡിസംബർ 12ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ബിഗ് ബാഷ് ലീഗിന്റെ ചരിത്രപരമായ മത്സരം. മെൽബൺ റെനഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഓസ്‌ട്രേലിയയ്ക്ക് പുറത്തു നടക്കുന്ന ആദ്യ ബിഗ് ബാഷ് ലീഗ് റെഗുലർ സീസൺ മത്സരമാണിത്. ഇന്ത്യയിൽ ഒരു വിദേശ ക്രിക്കറ്റ് ലീഗ് മത്സരം നടക്കുന്നതും ആദ്യമായാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഓസ്‌ട്രേലിയൻ ബിഗ് ബാഷിന്റെ മത്സരാന്തരീക്ഷം നേരിട്ട് അനുഭവിക്കാനുള്ള അവസരവുമാകും ഇത്.

Also Read
മേയറുടെ നായ കൗൺസിൽ യോഗത്തിൽ അലഞ്ഞുനടന്നത് വിവാദമായി; പുതിയ നിയമങ്ങൾ വേണമെന്ന് കൗൺസിലർ
ഇന്ത്യയിൽ അരങ്ങേറ്റത്തിനൊരുങ്ങി ബിഗ് ബാഷ് ലീഗ്

വ്യാപാര-വിദ്യാഭ്യാസ മേഖലകളിലും സഹകരണം

ക്രിക്കറ്റിന് പുറമെ വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ശുദ്ധ ഊർജം, സിനിമ, സംഗീതം, സാംസ്കാരിക മേഖലകൾ എന്നിവയിലും ഇരുരാജ്യങ്ങളുടെയും സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ന്യൂഡൽഹിയിൽ ഇന്ത്യ–ഓസ്‌ട്രേലിയ ബിസിനസ് ഉച്ചകോടിയും മുംബൈയിൽ ബിസിനസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ നിക്ഷേപ റൗണ്ട്‌ടേബിളും സ്പോർട്സ് ഉച്ചകോടിയും നടക്കും. ചെന്നൈയിൽ വിദ്യാഭ്യാസ-ശുദ്ധ സാങ്കേതികവിദ്യാ പ്രദർശനങ്ങളും സംഘടിപ്പിക്കും. ഓസ്‌ട്രേലിയൻ സിനിമകളും സംഗീത പരിപാടികളും തദ്ദേശീയരായ ഫസ്റ്റ് നേഷൻസ് ജനതയുടെ സംസ്കാരവും ഫെസ്റ്റിവലിൽ അവതരിപ്പിക്കും. നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലിൽ ഔദ്യോഗിക പങ്കാളി രാജ്യമായും ഓസ്‌ട്രേലിയ പങ്കെടുക്കും.

ഇന്ത്യ–ഓസ്‌ട്രേലിയ ബന്ധത്തിന് പുതിയ വേദി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2026 ജൂലൈയിലെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ‘ജി’ഡേ നമസ്‌തേ’ ഫെസ്റ്റിവൽ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയുടെ സമകാലിക സംസ്കാരം, നൂതന സാങ്കേതികവിദ്യ, സാമ്പത്തിക അവസരങ്ങൾ എന്നിവ ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളാണ് ഈ പങ്കാളിത്തത്തിന്റെ കരുത്തെന്നും ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ പറഞ്ഞു. ക്രിക്കറ്റിലൂടെ ആരംഭിക്കുന്ന ഈ ബന്ധം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് വിഭാഗം എക്സിക്യൂട്ടീവ് ജനറൽ മാനേജർ അലിസ്റ്റർ ഡോബ്സണും ചെന്നൈയിലെ മത്സരത്തിനായുള്ള ആവേശം പങ്കുവെച്ചു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് വ്യത്യസ്തമായ ബിഗ് ബാഷ് അനുഭവം സമ്മാനിക്കാൻ ഈ മത്സരം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.