അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയാറെടുക്കണം; വീടുകളിൽ അവശ്യസാധനങ്ങൾ കരുതിവെക്കാൻ വിദഗ്ദ്ധ നിർദ്ദേശം

സർക്കാർ സഹായങ്ങൾ പെട്ടെന്ന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള അപ്രതീക്ഷിത ഘട്ടങ്ങളിൽ സ്വയം പര്യാപ്തരാകാൻ ടിൻ ചെയ്ത ഭക്ഷണസാധനങ്ങൾ, കുപ്പിവെള്ളം, അത്യാവശ്യ മരുന്നുകൾ എന്നിവ ശേഖരിച്ചുവെക്കുന്നത് സഹായകരമാകും.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയാറെടുക്കണം; വീടുകളിൽ അവശ്യസാധനങ്ങൾ കരുതിവെക്കാൻ വിദഗ്ദ്ധ നിർദ്ദേശം
kevin laminto
Published on: 

മെൽബൺ: യുദ്ധഭീതിയും സൈബർ ആക്രമണങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള അടിയന്തര പ്രതിസന്ധികൾ നേരിടാൻ ലോകമെമ്പാടും ജനങ്ങൾ അവശ്യവസ്തുക്കൾ ശേഖരിക്കുന്ന പശ്ചാത്തലത്തിൽ, മുൻകരുതലുകൾ സ്വീകരിക്കാൻ ഓസ്‌ട്രേലിയക്കാർക്കും വിദഗ്ദ്ധരുടെ നിർദ്ദേശം. യുകെ, സ്വീഡൻ, നോർവേ, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ ദിവസങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും കരുതിവെക്കാൻ സർക്കാരുകൾ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ പ്രകൃതിദുരന്തങ്ങളെയും സപ്ലൈ ചെയിൻ തടസ്സങ്ങളെയും പ്രതിരോധിക്കാൻ ഓസ്‌ട്രേലിയൻ കുടുംബങ്ങളും സജ്ജരാകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഓസ്‌ട്രേലിയയിൽ യുദ്ധഭീഷണി നിലവിലില്ലെങ്കിലും വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റ്, അതികഠിനമായ ഉഷ്ണതരംഗം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരം മുൻകരുതലുകൾ അത്യന്താപേക്ഷിതമാണെന്ന് ഓസ്‌ട്രേലിയൻ റെഡ് ക്രോസ് ഡയറക്ടർ നിക്കോള ക്രെയും ആർഎംഐടി ഡിസാസ്റ്റർ മാനേജ്‌മെന്റ് വിദഗ്ദ്ധ അസോസിയേറ്റ് പ്രൊഫസർ ലൂസി ലൂണെവിച്ചും വ്യക്തമാക്കി. സർക്കാർ സഹായങ്ങൾ പെട്ടെന്ന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള അപ്രതീക്ഷിത ഘട്ടങ്ങളിൽ സ്വയം പര്യാപ്തരാകാൻ ടിൻ ചെയ്ത ഭക്ഷണസാധനങ്ങൾ, കുപ്പിവെള്ളം, അത്യാവശ്യ മരുന്നുകൾ എന്നിവ ശേഖരിച്ചുവെക്കുന്നത് സഹായകരമാകും.

അതേസമയം, കോവിഡ് കാലത്തുണ്ടായതുപോലെ കടകളിൽ തിരക്കുകൂട്ടി പരിഭ്രാന്തി പരത്തുന്ന വാങ്ങലുകൾ (Panic Buying) ഒഴിവാക്കണമെന്ന് റെഡ് ക്രോസ് കർശന മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുക്കൾ ഒറ്റയടിക്ക് വാങ്ങിക്കൂട്ടുന്നതിന് പകരം ഘട്ടംഘട്ടമായി ദീർഘകാലാടിസ്ഥാനത്തിൽ ശേഖരിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിനൊപ്പം പ്രധാനപ്പെട്ട വ്യക്തിഗത രേഖകൾ ഒരിടത്ത് സൂക്ഷിക്കുക, ജീവൻരക്ഷാ മരുന്നുകൾ മുൻകൂട്ടി വാങ്ങി കരുതുക, അടിയന്തര സാഹചര്യത്തിൽ എങ്ങോട്ട് മാറണം, എന്തുചെയ്യണം എന്നതിനെക്കുറിച്ച് കുട്ടികളുമായി ചർച്ച നടത്തുക തുടങ്ങിയ കാര്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന് റെഡ് ക്രോസ് ഓർമ്മിപ്പിച്ചു.