

കാൻബെറ: ഓസ്‌ട്രേലിയയിലെ പ്രതിരോധം, ആരോഗ്യം, ധനകാര്യം, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ സുപ്രധാന മേഖലകളെയും സർക്കാർ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ഹാക്കർമാർ രംഗത്തുണ്ടെന്ന് മുന്നറിയിപ്പ്. ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റും ഇരുപതിലധികം അന്താരാഷ്ട്ര പങ്കാളിത്ത ഏജൻസികളും സംയുക്തമായാണ് ഈ ഗുരുതര സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഹാക്കർ ഗ്രൂപ്പുകൾ ലോകമെമ്പാടുമുള്ള നിർണ്ണായക ഇൻഫ്രാസ്ട്രക്ചറുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിൽ സംസ്ഥാന-പ്രാദേശിക സർക്കാർ ഏജൻസികൾക്ക് കൂടുതൽ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സുരക്ഷ കുറഞ്ഞ നെറ്റ്‌വർക്ക് റൂട്ടറുകളും സ്വിച്ചുകളുമാണ് ഹാക്കർമാർ പ്രധാനമായും ആക്രമിക്കാൻ തിരഞ്ഞെടുക്കുന്നത്. ഫാക്ടറി സെറ്റിംഗ്സിൽ തന്നെ തുടരുന്ന ഡിഫോൾട്ട് പാസ്‌വേഡുകൾ എളുപ്പത്തിൽ ഊഹിച്ചെടുത്ത് റൂട്ടറുകളിൽ പ്രവേശിക്കുന്ന ഇവർ, ഓർഗനൈസേഷനുകളുടെ നിർണ്ണായക ലോഗിൻ വിവരങ്ങളും രേഖകളും ചോർത്തുന്നു. ആധുനിക ലോകത്ത് ഒരിക്കലും ഇന്റർനെറ്റുമായി നേരിട്ട് ബന്ധിപ്പിക്കാൻ പാടില്ലാത്ത പഴയ പ്രോട്ടോക്കോളുകൾ തുറന്നിട്ടിരിക്കുന്നതാണ് റഷ്യൻ ഏജൻസികൾക്ക് എളുപ്പവഴിയാകുന്നത്. ബെർസെർക്ക് ബെയർ (Berserk Bear), എനർജറ്റിക് ബെയർ, ഡ്രാഗൺഫ്ലൈ തുടങ്ങിയ ഹാക്കിംഗ് ഗ്രൂപ്പുകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഫൈവ് ഐസ് (Five Eyes) രാജ്യങ്ങൾക്കൊപ്പം യു.എസ്, യു.കെ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളും ഈ മുന്നറിയിപ്പിൽ പങ്കാളികളാണ്. റൂട്ടറുകൾക്ക് ശക്തമായ ഫയർവാളുകൾ ഏർപ്പെടുത്തുക, പാസ്‌വേഡുകൾ മാറ്റുക, ആവശ്യമില്ലാത്ത സിസ്റ്റങ്ങൾ ഇന്റർനെറ്റിൽ നിന്ന് ഓഫ്‌ലൈൻ ആക്കുക തുടങ്ങിയ അടിസ്ഥാന മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.