വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
Published on

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാം ടി20യിൽ‌ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ പരമ്പര പിടിച്ചെടുത്തത്. വെർണർ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ നാല് വിക്കറ്റ് 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസീസിന് മുമ്പിൽ ഉയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയ ടിം ഡേവിഡിന്റെ ഇന്നിങ്സിന്റെ കരുത്തിൽ ആറ് വിക്കറ്റുകളും 23 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. വിജയത്തോടെ പരമ്പരയില്‍ 3-0ന് ഓസീസ് മുന്നിലെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ടി20 പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കിയത്. 37 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ടിം ഡേവിഡ് തിളങ്ങിയത്. ആറ് ബൗണ്ടറികളും 11 സിക്സുകളും അടിച്ചുകൂട്ടി ഡേവിഡ് 23 പന്തുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും (19 പന്തില്‍ 22), ഗ്ലെന്‍ മാക്സ്‌വെല്ലും (7 പന്തില്‍ 20) 2.2 ഓവറില്‍ 30 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ടെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ ജോഷ് ഇംഗ്ലിസിനെ കൂടി നഷ്ടമായതോടെ (6 പന്തില്‍ 15) ഓസീസ് 61-3 എന്ന നിലയില്‍ പതറി. കാമറൂണ്‍ ഗ്രീന്‍ (14 പന്തില്‍ 11) പുറത്താവുമ്പോള്‍ ഓസീസ് സ്കോര്‍ 8.5 ഓവറില്‍ 87 റണ്‍സായിരുന്നു. എന്നാൽ, ടിം ഡേവിഡും മിച്ചൽ ഓവനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 46 പന്തിൽ നിന്ന് 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓവൻ 16 പന്തിൽ 36 റൺസ് നേടി. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ തന്നെ സ്വന്തമാക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. പരമ്പരയിലെ നാലാം മത്സരം നാളെയാണ് നടക്കുന്നത്.

Metro Australia
maustralia.com.au