ഓസ്‌ട്രേലിയയിൽ ഗ്യാസ് ക്ഷാമമില്ല; കൂടുതൽ ഗ്യാസ് ഉൽപ്പാദിപ്പിക്കണം: സാന്റോസ് CEO

ഓസ്‌ട്രേലിയയിൽ 240,000 പെറ്റാജൂളിലധികം തെളിയിക്കപ്പെട്ട ഗ്യാസ് വിഭവങ്ങളുണ്ടെന്നും, നിലവിലെ ആഭ്യന്തര-കയറ്റുമതി ഉൽപ്പാദന നിരക്ക് തുടർന്നാൽ 40 വർഷത്തേക്ക് ആവശ്യമായ ഗ്യാസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിൽ ഗ്യാസ് ക്ഷാമമില്ല: സാന്റോസ് CEO
SA oil and gas giant Santos CEO Kevin Gallaghe (Picture: Lukas Coch/AAP)
Published on

ഊർജസുരക്ഷയ്ക്കായി ലോകം മത്സരിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയുടെ വൻ ഗ്യാസ് വിഭവങ്ങൾ രാജ്യത്തിന്റെ വലിയ നേട്ടമാണെന്ന് സാന്റോസ് CEO കെവിൻ ഗല്ലഗർ. രാജ്യത്ത് ഗ്യാസ് ക്ഷാമമില്ലെന്നും കൂടുതൽ ഗ്യാസ് ഭൂമിയിൽനിന്ന് പുറത്തെടുത്ത് ഉൽപ്പാദനം വർധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ പ്രസ് ക്ലബിൽ ബുധനാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഗല്ലഗർ ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്‌ട്രേലിയയിൽ 240,000 പെറ്റാജൂളിലധികം തെളിയിക്കപ്പെട്ട ഗ്യാസ് വിഭവങ്ങളുണ്ടെന്നും, നിലവിലെ ആഭ്യന്തര-കയറ്റുമതി ഉൽപ്പാദന നിരക്ക് തുടർന്നാൽ ഏകദേശം 40 വർഷത്തേക്ക് ആവശ്യമായ ഗ്യാസ് രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഓസ്‌ട്രേലിയയിൽ ഗ്യാസ് ക്ഷാമമില്ല; കൂടുതൽ ഗ്യാസ് ഭൂമിയിൽനിന്ന് പുറത്തെടുക്കുകയാണ് വേണ്ടത്,” ഗല്ലഗർ പറഞ്ഞു. ഊർജസുരക്ഷ സാമ്പത്തിക, സാമൂഹിക, പ്രാദേശിക സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പുതിയ കാലഘട്ടത്തിലേക്കാണ് ലോകം കടക്കുന്നതെന്നും ഓസ്‌ട്രേലിയയുടെ ഊർജ വിഭവങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് രാജ്യത്തിന് വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബീറ്റലൂ ബേസിനിലെ ഗ്യാസ് വികസനവുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ നയം എത്രയും വേഗം വ്യക്തമാക്കണമെന്നും ഗല്ലഗർ ആവശ്യപ്പെട്ടു. നിക്ഷേപങ്ങൾ വലിയ തോതിൽ ആരംഭിക്കുന്നതിന് മുമ്പ് ആഭ്യന്തര ഗ്യാസ് റിസർവേഷൻ നയം നടപ്പാക്കേണ്ട സമയം ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

ബീറ്റലൂ ബേസിനിൽ സാന്റോസ് ആദ്യ അപ്രൈസൽ കിണറിന്റെ ഡ്രില്ലിങ് ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. പദ്ധതി പൂർണതോതിൽ വികസിപ്പിച്ചാൽ നോർത്തേൺ ടെറിട്ടറിയിൽ 6,500ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 25 വർഷത്തിനിടെ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 9 ബില്യൺ ഡോളറിലധികം വരുമാനം നൽകാനും കഴിയുമെന്നാണ് സാന്റോസിന്റെ അവകാശവാദം. ഫെഡറൽ സർക്കാർ വരും ആഴ്ചകളിൽ ആഭ്യന്തര ഗ്യാസ് റിസർവേഷൻ നയത്തിന്റെ കരട് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. നിർദേശപ്രകാരം LNG ഉൽപ്പാദകർ കയറ്റുമതി ചെയ്യുന്ന ഗ്യാസിന്റെ തുല്യമായ 20 ശതമാനം ആഭ്യന്തര വിപണിയിൽ ലഭ്യമാക്കേണ്ടിവരും. എന്നാൽ നിർബന്ധിത ആഭ്യന്തര വിൽപ്പന വ്യവസ്ഥയെ ഗല്ലഗർ എതിർത്തു. കൂടുതൽ ഊർജ വിഭവങ്ങൾ വികസിപ്പിച്ച് ആഭ്യന്തര ഊർജലഭ്യത വർധിപ്പിക്കുകയാണ് ഓസ്‌ട്രേലിയ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Metro Australia
maustralia.com.au