ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നിരോധനം നീട്ടാൻ ഇടപെട്ടു; ട്രഷററെ മറികടന്നെന്ന് സമ്മതിച്ച് ആൽബനീസ്

നികുതി വകുപ്പിന്റെ നിരോധനം സാമ്പത്തിക വർഷാവസാനം വരെ നീട്ടിവെക്കാൻ ഇടപെട്ടത് ACCI ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ മക്കല്ലർ അയച്ച സന്ദേശത്തെത്തുടർന്നാണെന്ന് ആൽബനീസ് പറഞ്ഞു.
ATOയുടെ ക്രെഡിറ്റ് കാർഡ് നിരോധനം; ആൽബനീസ് ഇടപെടലിൽ വിവാദം
(Alex Ellinghausen)
Published on: 

കാൻബറ: ഓസ്‌ട്രേലിയൻ നികുതി വകുപ്പ് (ATO) ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ നിരോധിക്കാനുള്ള തീരുമാനം നീട്ടിവെപ്പിക്കാൻ നേരിട്ട് ഇടപെട്ടതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഇതിലൂടെ ട്രഷറർ ജിം ചാൽമേഴ്‌സിനെ മറികടന്നുവെന്ന വിമർശനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ, വിഷയത്തിൽ താനും ചർച്ചകളിൽ പങ്കെടുത്തിരുന്നുവെന്ന് ചാൽമേഴ്‌സ് വ്യക്തമാക്കി. നികുതി വകുപ്പിന്റെ നിരോധനം സാമ്പത്തിക വർഷാവസാനം വരെ നീട്ടിവെക്കാൻ ഇടപെട്ടത് ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ACCI) ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ മക്കല്ലർ അയച്ച സന്ദേശത്തെത്തുടർന്നാണെന്ന് ആൽബനീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മക്കല്ലറിന്റെ സന്ദേശം ലഭിച്ചെന്നും വെള്ളിയാഴ്ച രാവിലെ തീരുമാനം പ്രഖ്യാപിച്ചെന്നും അദ്ദേഹം ചൊവ്വാഴ്ച രാത്രി ഒരു ബിസിനസ് പരിപാടിയിൽ വെളിപ്പെടുത്തി.

ബിസിനസ് സമൂഹവുമായി കാലക്രമേണ രൂപപ്പെട്ട ബന്ധവും വിശ്വാസവുമാണ് വേഗത്തിൽ ഇടപെടാൻ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപാരികളിൽനിന്നും ചെറുകിട സംരംഭകരിൽനിന്നും വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്നാണ് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് സാമ്പത്തിക വർഷാവസാനം വരെ തുടരാൻ അനുവദിച്ചതായി ചാൽമേഴ്‌സ് നേരത്തെ പ്രഖ്യാപിച്ചത്.

ചെറുകിട ബിസിനസുകളുടെ ആശങ്ക

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) കാർഡ് സർചാർജ് നിരക്കുകൾ നിരോധിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏകദേശം 200 ദശലക്ഷം ഡോളറിന്റെ ചെലവ് വഹിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് നികുതി വകുപ്പ് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ നിരോധിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ നീക്കം ചെറുകിട ബിസിനസുകളുടെ പണമൊഴുക്കിനെ ബാധിക്കുമെന്നായിരുന്നു വ്യാപാരികളുടെ ആശങ്ക. സർചാർജ് നിരോധനവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കിന്റെയോ നികുതി വകുപ്പിന്റെയോ പ്രവർത്തനങ്ങളിൽ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ചാൽമേഴ്‌സ് പറഞ്ഞു. എന്നിരുന്നാലും, ചെറുകിട സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം നൽകുന്നതിനും നികുതി വകുപ്പിന് കൂടിയാലോചനകൾ നടത്തുന്നതിനുമായി നിരോധനം നീട്ടിവെക്കേണ്ടത് പ്രധാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ATOയുടെ ക്രെഡിറ്റ് കാർഡ് നിരോധനം; ആൽബനീസ് ഇടപെടലിൽ വിവാദം
ട്രഷറർ ജിം ചാൽമേഴ്‌സ്

ചർച്ചകളിൽ പങ്കെടുത്തെന്ന് ചാൽമേഴ്‌സ്

ട്രഷററെ മറികടന്നുവെന്ന ആരോപണം ചാൽമേഴ്‌സ് നിഷേധിച്ചു. വ്യാഴാഴ്ച ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചർച്ചകൾ നടന്നിരുന്നുവെന്നും തന്റെ ഓഫീസ് അതിൽ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് ട്രഷറർ ഡാനിയൽ മുളിനോയും താനും വെള്ളിയാഴ്ച മന്ത്രിമാർക്ക് മുന്നിൽ കൂടുതൽ ദൈർഘ്യമുള്ള മാറ്റക്കാലയളവ് അനുവദിക്കാനുള്ള നിർദേശം അവതരിപ്പിച്ചെന്നും ചാൽമേഴ്‌സ് വ്യക്തമാക്കി. ബുധനാഴ്ചയും പ്രധാനമന്ത്രിയും താനും വിഷയത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി പരസ്യമായി ട്രഷററെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നിഴൽ ട്രഷറർ ടിം വിൽസൺ ആരോപിച്ചു. ചെറുകിട ബിസിനസുകളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി ട്രഷററുടെ നിലപാടിനെ മറികടക്കുന്നത് പതിവാണെന്നും അദ്ദേഹം വിമർശിച്ചു.

Metro Australia
maustralia.com.au