

ഓസ്ട്രേലിയയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂസ് ഓസ്ട്രേലിയ (News Australia) 2026-ലെ ദേശീയ എഡിറ്റോറിയൽ കേഡറ്റ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തെ അടുത്ത തലമുറ മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ The Australian, The Daily Telegraph, Herald Sun, The Courier-Mail, The Advertiser, news.com.au എന്നിവ ഉൾപ്പെടുന്ന ശൃംഖലയിലായി 30 കേഡറ്റ് ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
12 മാസത്തെ ശമ്പളത്തോടുകൂടിയ പരിശീലന പരിപാടിയിലൂടെ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിക്കുന്നതിനൊപ്പം, ഡിജിറ്റൽ മാധ്യമങ്ങൾ, ഓഡിയോ, സോഷ്യൽ മീഡിയ, പ്രിന്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള പ്രായോഗിക പരിശീലനവും ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി ദേശീയ ന്യൂസ് റൂമുകളിൽ രണ്ടാഴ്ചത്തെ ഇൻഡക്ഷൻ, വിവിധ എഡിറ്റോറിയൽ വിഭാഗങ്ങളിലായി റൊട്ടേഷൻ അടിസ്ഥാനത്തിലുള്ള പരിശീലനം, പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരുടെ മെന്ററിംഗ്, അന്വേഷണാത്മക മാധ്യമപ്രവർത്തനം, മാധ്യമനിയമം, കൃത്രിമ ബുദ്ധി (AI) ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ പ്രത്യേക മാസ്റ്റർക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
"സമൂഹത്തെ സ്വാധീനിക്കുന്ന കഥകൾ പറയാൻ കഴിവുള്ള മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കുന്നതിൽ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണ്. ഈ പദ്ധതി അതിനാവശ്യമായ അടിത്തറയും മാർഗനിർദേശവും പ്രായോഗിക പരിചയവും നൽകും." - എന്ന് The Courier-Mail എഡിറ്റർ ക്രിസ് ജോൺസ് പറഞ്ഞു. സിഡ്നി, മെൽബൺ, ബ്രിസ്ബേൻ, അഡിലെയ്ഡ്, ഡാർവിൻ, ഹോബാർട്ട്, കെയിൻസ്, ടൗൺസ്‌വിൽ, സൺഷൈൻ കോസ്റ്റ്, ടുവൂംബ, ഗോൾഡ് കോസ്റ്റ്, ജീലോങ് തുടങ്ങിയ നഗരങ്ങളിലെ ന്യൂസ് റൂമുകളിലാണ് കേഡറ്റ് അവസരങ്ങൾ ലഭ്യമാകുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്.