

ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് പ്രധാന നികുതി മാറ്റങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും. ഫെഡറൽ സർക്കാരിന്റെ പുതിയ ബജറ്റിൽ പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായി നികുതി ഇളവുകളും നികുതി കിഴിവുകളും തൊഴിലാളികൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പുതിയ പദ്ധതിയുടെ ഭാഗമായി Working Australians Tax Offset എന്ന പേരിൽ 13 ദശലക്ഷം തൊഴിലാളികൾക്ക് പ്രതിവർഷം 250 ഡോളർ വരെ നികുതി ഇളവ് ലഭിക്കും. ഇത് എല്ലാ സാമ്പത്തിക വർഷത്തിലും ലഭിക്കുന്ന സ്ഥിരം ആനുകൂല്യമായിരിക്കും.
അതോടൊപ്പം, 18,201 മുതൽ 45,000 ഡോളർ വരെയുള്ള നികുതിയിടാവുന്ന വരുമാനത്തിന് നിലവിലുള്ള 16 ശതമാനം നികുതി നിരക്ക് 15 ശതമാനമായി കുറയ്ക്കും. ഇതിലൂടെ ഓരോ നികുതിദായകനും പരമാവധി 268 ഡോളർ വരെ ലാഭിക്കാനാകും. ഈ നികുതി നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ വീണ്ടും 14 ശതമാനമായി കുറയ്ക്കും. ഇതോടെ ഓരോ ഓസ്ട്രേലിയൻ നികുതിദായകനും പരമാവധി 536 ഡോളർ വരെ അധിക ലാഭം നേടും. കൂടാതെ, തൊഴിലാളികൾക്ക് രസീതുകൾ സമർപ്പിക്കാതെ തന്നെ 1,000 ഡോളർ വരെ നികുതിയിളവിനായി ക്ലെയിം ചെയ്യാൻ അനുവദിക്കുന്ന Instant Tax Deduction പദ്ധതിയും നടപ്പിലാകും. ഏകദേശം 6.2 ദശലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ശരാശരിയായി 205 ഡോളർ വരെ ഇതിലൂടെ തൊഴിലാളികളുടെ കൈകളിലെത്തും. ഈ മൂന്ന് നടപടികളും ചേർന്ന് ശരാശരി 81,245 ഡോളർ വാർഷിക വരുമാനമുള്ള ഒരു തൊഴിലാളിക്ക് ഏകദേശം 2,000 ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ഇതിനിടെ, നികുതി റിട്ടേൺ നേരത്തേ സമർപ്പിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഓസ്ട്രേലിയൻ ടാക്‌സ് ഓഫീസ് (ATO) മുന്നറിയിപ്പ് നൽകി. എല്ലാ വിവരങ്ങളും ലഭിക്കുന്നതിന് മുമ്പ് റിട്ടേൺ സമർപ്പിക്കുന്നത് പിഴവുകൾക്കും പ്രോസസ്സിംഗ് വൈകുന്നതിനും കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. നികുതി ഇളവുകളുമായി ബന്ധപ്പെട്ട ചില നിയമഭേദഗതികൾ ഇപ്പോൾ സെനറ്റിന്റെ പരിഗണനയിലാണ്. ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെ അവ ഉടൻ പാസാകുമെന്നാണ് പ്രതീക്ഷ.