
കാൻബറ: വിദേശ വിദ്യാർഥികളുടെ ഇഷ്ട രാജ്യമാണ് ഓസ്ട്രേലിയ. എന്നാൽ വിദ്യാർഥികൾക്ക് ഇരുട്ടടിയായി വിസ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. ജൂലൈ ഒന്നുമുതൽ വിദ്യാർഥി വിസ നിരക്ക് 25 ശതമാനം വർധിപ്പിച്ച് 2000 ഓസ്ട്രേലിയൻ ഡോളറാക്കിയാണ് (ഏകദേശം 1.1 ലക്ഷം രൂപ) സർക്കാർ പ്രഖ്യാപനം.
കഴിഞ്ഞ വർഷം ജൂലൈയിൽ വിദ്യാർഥികൾക്കുള്ള ഫീസ് വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ നിരക്കിലെ വർധനയും നിലവിൽ വന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖല ഓസ്‌ട്രേലിയയ്ക്ക് പ്രധാനമാണെന്നാണ് വിസ നിരക്ക് വർധനയെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രാലയ വക്താവിൻ്റെ പ്രതികരണം. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ വിദേശ വിദ്യാർഥികൾക്കുള്ള വിസ നിരക്ക് 2000 ഓസ്ട്രേലിയൻ ഡോളറായി വർധിപ്പിക്കുമെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിസ നിരക്ക് ഇനിയും വർധിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.