കുടിയേറ്റം ഓസ്ട്രേലിയയെ നശിപ്പിക്കുകയാണെന്ന് പോളിൻ ഹാൻസൺ; വിവാദ പരാമർശത്തിന് വ്യാപക വിമർശനം

"ബ്രിട്ടനെ പോലെ തന്നെ ഓസ്ട്രേലിയയും കുടിയേറ്റത്തിന്റെ ആഘാതം നേരിടുകയാണ്. കുടിയേറ്റം നമ്മുടെ രാജ്യത്തെ നശിപ്പിക്കുകയാണ്," ഹാൻസൺ പറഞ്ഞു.
കുടിയേറ്റം ഓസ്ട്രേലിയയെ നശിപ്പിക്കുകയാണെന്ന് പോളിൻ ഹാൻസൺ
പോളിൻ ഹാൻസൺ
Published on

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം രാജ്യത്തെ നശിപ്പിക്കുകയാണെന്ന് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ ലണ്ടനിൽ നടന്ന കൺസർവേറ്റീവ് പോളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് (CPAC) വിരുന്നിൽ പ്രസംഗിക്കവെ പറഞ്ഞു. വൈറ്റ് ഓസ്ട്രേലിയ നയം അവസാനിപ്പിച്ചതിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് പുതിയ വിമർശനവുമായി അവർ രംഗത്തെത്തിയത്. "ബ്രിട്ടനെ പോലെ തന്നെ ഓസ്ട്രേലിയയും കുടിയേറ്റത്തിന്റെ ആഘാതം നേരിടുകയാണ്. കുടിയേറ്റം നമ്മുടെ രാജ്യത്തെ നശിപ്പിക്കുകയാണ്," ഹാൻസൺ പറഞ്ഞു.

ലണ്ടനു സമീപമുള്ള ലൂട്ടൺ നഗരത്തിലെ സന്ദർശനാനുഭവങ്ങളാണ് തന്റെ അഭിപ്രായത്തിന് അടിസ്ഥാനമെന്നും അവർ വ്യക്തമാക്കി. ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൺ (സ്റ്റീഫൻ യാക്സ്ലി-ലെനൺ) ആയിരുന്നു ഹാൻസന്റെ സന്ദർശനത്തിന് നേതൃത്വം നൽകിയത്. പ്രസംഗത്തിൽ, വെളുത്ത വർഗക്കാരായ ഓസ്ട്രേലിയക്കാരും ബ്രിട്ടീഷുകാരും തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് ലജ്ജിക്കണമെന്ന് പറയപ്പെടുകയാണെന്നും, ദേശീയ സ്വത്വം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണെന്നും ഹാൻസൺ ആരോപിച്ചു.

കുടിയേറ്റം ഓസ്ട്രേലിയയെ നശിപ്പിക്കുകയാണെന്ന് പോളിൻ ഹാൻസൺ
പോളിൻ ഹാൻസൺ, ടോമി റോബിൻസൺ(Picture: Supplied)

അതേസമയം, ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരെ താൻ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്നും, രാജ്യത്തോടുള്ള പൂർണ വിശ്വസ്തത പുലർത്തുന്നവരെയാണ് സ്വാഗതം ചെയ്യുന്നതെന്നും അവർ പറഞ്ഞു. ഇതിന് മുമ്പ് ടോമി റോബിൻസണുമായുള്ള ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ, 1973-ൽ റദ്ദാക്കിയ വൈറ്റ് ഓസ്ട്രേലിയ നയം അവസാനിപ്പിച്ചതോടെയാണ് രാജ്യത്തെ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ഹാൻസൺ അഭിപ്രായപ്പെട്ടിരുന്നു. ഈ നയം യൂറോപ്യൻ അല്ലാത്തവരുടെ കുടിയേറ്റം നിയന്ത്രിക്കുന്ന വംശീയ നിയമങ്ങളായിരുന്നു.

കുടിയേറ്റം ഓസ്ട്രേലിയയെ നശിപ്പിക്കുകയാണെന്ന് പോളിൻ ഹാൻസൺ
കാബിനറ്റ് സെക്രട്ടറി ആൻഡ്രൂ ചാൾട്ടൺ (Picture: NewsWire / Martin Ollman)

ഹാൻസന്റെ പരാമർശങ്ങൾക്കെതിരെ സർക്കാർ, പ്രതിപക്ഷം എന്നീ രാഷ്ട്രീയ കക്ഷികൾ ശക്തമായി രംഗത്തെത്തി. കാബിനറ്റ് സെക്രട്ടറി ആൻഡ്രൂ ചാൾട്ടൺ, ഓസ്ട്രേലിയ ഒരു ബഹുസാംസ്കാരിക രാജ്യമാണെന്നും കുടിയേറ്റക്കാർ രാജ്യത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഹാൻസന്റെ പരാമർശങ്ങൾ വിഭജനപരവും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ലിബറൽ നേതാവ് ജെയ്ൻ ഹ്യൂമും ഹാൻസന്റെ പ്രസ്താവനയെ "ഓസ്ട്രേലിയൻ മൂല്യങ്ങൾക്ക് വിരുദ്ധം" എന്ന് വിശേഷിപ്പിച്ചു. "ഓസ്ട്രേലിയയ്ക്ക് അഭിമാനകരമായ ബഹുസാംസ്കാരിക പാരമ്പര്യമുണ്ട്. വൈറ്റ് ഓസ്ട്രേലിയ നയം തിരിച്ചുകൊണ്ടുവരുന്നത് ഒരു പരിഹാരമല്ല," ഹ്യൂം പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷങ്ങളിലായി കുടിയേറ്റത്തിന്റെ എണ്ണം നിയന്ത്രണാതീതമായെന്നും, രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായ കുടിയേറ്റ നയം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au