സൂപ്പർമാർക്കറ്റ് ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: യുവാവിന് ശിക്ഷ

കൊൾസിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തായ്‌വാൻ സ്വദേശിയായ ഇയാളെ പിടികൂടിയത്.
സൂപ്പർമാർക്കറ്റ് ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: യുവാവിന് ശിക്ഷ
15 മാസത്തെ സസ്പെൻഡഡ് ജയിൽ ശിക്ഷയും രണ്ട് വർഷത്തെ കമ്മ്യൂണിറ്റി കറക്ഷൻസ് ഓർഡറും വിധിച്ചു.(ABC News)
Published on

സിഡ്നി: ഓസ്‌ട്രേലിയയിലെ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി വെച്ചിരുന്ന ഗിഫ്റ്റ് കാർഡുകൾ കൃത്രിമമായി മാറ്റം വരുത്തി തട്ടിപ്പ് നടത്തിയ കേസിൽ 32 കാരന് ശിക്ഷ. കൊൾസിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തായ്‌വാൻ സ്വദേശിയായ ഇയാളെ പിടികൂടിയത്. ഗിഫ്റ്റ് കാർഡ് തട്ടിപ്പും കൃത്രിമമായി മാറ്റം വരുത്തുന്നതും ഓസ്‌ട്രേലിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും റീട്ടെയിൽ സ്ഥാപനങ്ങളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന പുതിയ വെല്ലുവിളിയായി മാറുകയാണെന്ന് കൊൾസ് വ്യക്തമാക്കി.

എന്താണ് ഗിഫ്റ്റ് കാർഡ് ടാംപറിങ്?

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ വിൽപ്പനയ്ക്കായി വെച്ചിരിക്കുന്ന ഗിഫ്റ്റ് കാർഡുകൾ എടുത്ത് അവയുടെ പാക്കേജിങ് തുറന്ന്, കാർഡിലെ പ്രധാന കോഡുകളോ വിവരങ്ങളോ കൈക്കലാക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. ശേഷം കാർഡുകൾ വീണ്ടും പഴയതുപോലെ പാക്ക് ചെയ്ത് സൂപ്പർമാർക്കറ്റിലെ ഷെൽഫുകളിൽ തിരികെ വെക്കും. യാതൊരു സംശയവുമില്ലാതെ ഉപഭോക്താക്കൾ ഈ കാർഡുകൾ വാങ്ങി പണം ചേർക്കുമ്പോൾ, കാർഡിലെ വിവരങ്ങൾ നേരത്തെ കൈവശപ്പെടുത്തിയ തട്ടിപ്പുകാർക്ക് ഉപഭോക്താവിന് മുമ്പ് തന്നെ പണം ഉപയോഗിക്കാൻ സാധിക്കും. ഇത്തരം തട്ടിപ്പ് ഓസ്‌ട്രേലിയയിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

സൂപ്പർമാർക്കറ്റ് ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: യുവാവിന് ശിക്ഷ
(ABC News: Eric Hao Zheng)

സിസിടിവിയിൽ കുടുങ്ങി

2025 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സിഡ്നിയിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ യുവാവ് ഗിഫ്റ്റ് കാർഡുകൾ ഷെൽഫുകളിൽ നിന്ന് എടുക്കുന്നതും പിന്നീട് അവ തിരികെ വയ്ക്കുന്നതും സുരക്ഷാ ക്യാമറകളിൽ പതിഞ്ഞതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. സുരക്ഷാ ജീവനക്കാർ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് ഡോളർ വിലവരുന്ന നിരവധി ആപ്പിൾ ഗിഫ്റ്റ് കാർഡുകളിൽ കൃത്രിമം നടന്നതായി കണ്ടെത്തി. ചില കാർഡുകൾ ഷെൽഫുകളിൽ നിന്ന് കാണാതായതായും കണ്ടെത്തി. തുടർന്ന് കൊൾസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷം പൊലീസ് വിവരമറിയിക്കുകയായിരുന്നു.

രഹസ്യ നിരീക്ഷണത്തിന് പിന്നാലെ അറസ്റ്റ്

2025 ഏപ്രിലിൽ ക്യാംപ്സി പൊലീസ് ഏരിയ കമാൻഡിലെ ഉദ്യോഗസ്ഥർ യുവാവിനെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഇയാൾ സിഡ്നിക്ക് പുറത്തുള്ള ഗൂൾബേൺ, സതേൺ ഹൈലാൻഡ്സ് തുടങ്ങിയ പ്രദേശങ്ങളിലേക്കും പതിവായി യാത്ര ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. 2025 മേയ് 9ന് സിഡ്നിയിലെ ഈസ്റ്റ്‌വുഡിലുള്ള ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് അഞ്ചെണ്ണം വീതമുള്ള കെട്ടുകളിലാക്കി സൂക്ഷിച്ചിരുന്ന 47 ഐട്യൂൺസ് ഗിഫ്റ്റ് കാർഡുകൾ കണ്ടെത്തി. ഇവയ്ക്ക് 100 മുതൽ 500 ഡോളർ വരെ മൂല്യമുണ്ടായിരുന്നു. ഇയാളുടെ കാറിൽ നിന്ന് ഒമ്പത് കാർഡുകളും കണ്ടെത്തി. ആകെ 10,000 ഡോളറിലധികം മൂല്യമുള്ള 61 ആപ്പിൾ, ഐട്യൂൺസ് ഗിഫ്റ്റ് കാർഡുകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി പൊലീസ് ആരോപിച്ചു. സംഘടിത കുറ്റകൃത്യ സംഘത്തിനായി താൻ ജോലി ചെയ്തിരുന്നതായി ഇയാൾ അറസ്റ്റിന് ശേഷം പൊലീസിനോട് പറഞ്ഞതായും കോടതി രേഖകളിൽ പറയുന്നു.

15 മാസത്തെ സസ്പെൻഡഡ് ജയിൽ ശിക്ഷ

സാമ്പത്തിക നേട്ടത്തിനായി വഞ്ചന നടത്തിയ അഞ്ച് കേസുകളും കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്തുക്കൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. 2025 ജൂലൈ 22ന് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 15 മാസത്തെ സസ്പെൻഡഡ് ജയിൽ ശിക്ഷയും രണ്ട് വർഷത്തെ കമ്മ്യൂണിറ്റി കറക്ഷൻസ് ഓർഡറും വിധിച്ചു.

രാജ്യവ്യാപകമായി പ്രശ്നമാകുമോ?

ഗിഫ്റ്റ് കാർഡ് തട്ടിപ്പ് ഓസ്‌ട്രേലിയയിൽ നടക്കുന്നുണ്ടെന്ന് ഈ കേസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി നടക്കുന്ന ഇത്തരം സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് സ്വകാര്യ അന്വേഷണ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറഞ്ഞ തുക ഉൾപ്പെട്ട വ്യക്തിഗത കേസുകൾക്ക് നിയമപാലകർ കുറഞ്ഞ മുൻഗണന നൽകാൻ സാധ്യതയുണ്ടെങ്കിലും, വലിയ തോതിൽ സംഘടിതമായി ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് തെളിഞ്ഞാൽ സ്ഥിതി കൂടുതൽ ഗുരുതരമാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഗിഫ്റ്റ് കാർഡുകളിൽ കൃത്രിമം തടയുന്നതിനായി വിവിധ സ്ഥാപനങ്ങളും പൊലീസ് വകുപ്പുകളും ഗിഫ്റ്റ് കാർഡ് വിതരണക്കാരും സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കൊൾസ് അറിയിച്ചു. ഗിഫ്റ്റ് കാർഡ് വാങ്ങുന്നവർ പാക്കേജിങ് തുറന്നതിന്റെ അടയാളങ്ങളുണ്ടോയെന്നും കാർഡിൽ അസ്വാഭാവികമായ മാറ്റങ്ങളോ കേടുപാടുകളോ ഉണ്ടോയെന്നും പരിശോധിച്ച ശേഷമേ വാങ്ങാവൂ എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.

Metro Australia
maustralia.com.au