
ഓസ്‌ട്രേലിയയിലെ രണ്ട് വലിയ ടെലികോം കമ്പനികളെ ആൻഡ്രോയിഡ് ഫോണുകളിൽ സ്വന്തം സെർച്ച് എഞ്ചിൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിച്ചതിന് ഗൂഗിളിന് 55 മില്യൺ ഡോളർ പിഴ. 2019 ഡിസംബർ മുതൽ 2021 മാർച്ച് വരെ ഉപഭോക്താക്കൾക്ക് വിൽക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഗൂഗിൾ സെർച്ച് മാത്രമേ ഇൻസ്റ്റാൾ ചെയ്യാൻ പാടുള്ളൂ എന്നും മറ്റ് സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കരുതെന്നും ടെൽസ്ട്ര, ഒപ്റ്റസ് എന്നിവരുമായി മൾട്ടിബില്യൺ ഡോളർ മൂല്യമുള്ള ടെക് ഭീമൻ കരാറുകളിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഗൂഗിൾ തങ്ങളുടെ സെർച്ച് എഞ്ചിൻ ഫോണുകളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ ഒരു പങ്ക് ടെൽകോകൾക്ക് നൽകി.
ഈ കരാറുകൾ സംബന്ധിച്ച് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ഇന്ന് ഗൂഗിൾ ഏഷ്യാ പസഫിക്കുമായി ഒരു ഒത്തുതീർപ്പിലെത്തിയെന്നാണ് സൂചന. ഇത് നിയമവിരുദ്ധവും മത്സര വിരുദ്ധവുമായ പെരുമാറ്റമാണെന്ന് ഉപഭോക്തൃ നിരീക്ഷണ സമിതി പറഞ്ഞു. ഗൂഗിൾ ഇക്കാര്യം സ്ഥിരീകരിച്ചതായും, 55 മില്യൺ ഡോളർ പിഴ അടയ്ക്കാൻ ACCC യുമായി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും അന്തിമ പിഴ നിശ്ചയിക്കേണ്ടത് ഫെഡറൽ കോടതിയാണ്.
ടെൽകോകളുമായും ആൻഡ്രോയിഡ് നിർമ്മാതാക്കളുമായും ഉള്ള കരാറുകളിൽ നിന്ന് "ചില പ്രീ-ഇൻസ്റ്റാളേഷൻ, ഡിഫോൾട്ട് സെർച്ച് എഞ്ചിൻ നിയന്ത്രണങ്ങൾ" നീക്കം ചെയ്യാനും ഗൂഗിൾ സമ്മതിച്ചിട്ടുണ്ട്.