

അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായ ശേഷം പശ്ചിമേഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ വാണിജ്യ വിമാനം സിഡ്‌നിയിൽ ലാൻഡ് ചെയ്തു. ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഇകെ 414 (EK414) ഏകദേശം 200 ഓസ്‌ട്രേലിയൻ പൗരന്മാരുമായാണ് ബുധനാഴ്ച രാത്രി സിഡ്‌നിയിലെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെയും ആലിംഗനങ്ങളോടെയുമാണ് യുദ്ധഭീതിയിൽ നിന്നും മടങ്ങിയെത്തിയവരെ സ്വീകരിച്ചത്.
മടങ്ങിയെത്തിയവരിൽ സിഡ്‌നിയിലെ ബാർക്കർ കോളേജിൽ നിന്നുള്ള 19 വിദ്യാർത്ഥികളും നാല് അധ്യാപകരും ഉൾപ്പെടുന്നു. തുർക്കിയിൽ റോബോട്ടിക്സ് മത്സരത്തിന് പോകുന്നതിനിടെ ദുബായിൽ വെച്ചാണ് ഇവർ യുദ്ധത്തിൽ കുടുങ്ങിയത്. താമസിച്ചിരുന്ന ഹോട്ടലിന് മുകളിലൂടെ മിസൈലുകൾ പായുന്ന ശബ്ദം കേട്ടതായും ഒരു രാത്രി ഹോട്ടലിന്റെ ബേസ്‌മെന്റിൽ ചെലവഴിക്കേണ്ടി വന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
യുദ്ധം മൂലം മേഖലയിൽ ഇരുപതിനായിരത്തിലധികം വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. നിലവിൽ അടിയന്തര എയർ കോറിഡോറുകൾ വഴിയാണ് പരിമിതമായ സർവീസുകൾ നടത്തുന്നത്. ഇനിയും ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാർ പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനായി ആറ് പ്രത്യേക 'ക്രൈസിസ് ടീമുകളെ' ഓസ്‌ട്രേലിയൻ സർക്കാർ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അബുദാബിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.