മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ബോബ് സിംപ്‌സൺ അന്തരിച്ചു

62 ടെസ്റ്റുകളില്‍ കളിച്ച താരം 39 എണ്ണത്തില്‍ ടീമിനെ നയിച്ചു. 46.81 ആയിരുന്നു ബോബ് സിംപ്‌സണിന്റെ ശരാശരി.
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ബോബ് സിംപ്‌സൺ അന്തരിച്ചു
Published on

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ബോബ് സിംപ്‌സൺ (89) അന്തരിച്ചു. സിംപ്‌സൺ 62 ടെസ്റ്റുകൾ കളിക്കുകയും ടീമിന്റെ ആദ്യത്തെ മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. "ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മഹാന്മാരിൽ ഒരാളായിരുന്നു ബോബ് സിംപ്‌സൺ, അദ്ദേഹത്തിന്റെ കളി കാണാൻ ഭാഗ്യമുള്ളവർക്കോ അദ്ദേഹത്തിന്റെ ജ്ഞാനത്തിൽ നിന്ന് പ്രയോജനം നേടിയവർക്കോ ഇന്ന് ദുഃഖകരമായ ദിവസമാണ്," ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയർമാൻ മൈക്ക് ബെയർഡ് പറഞ്ഞു.

1957-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സിംസൺ 46.81 ശരാശരിയിൽ 4869 റൺസ് നേടി, അതിൽ 10 സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സിംസൺ 1960-കളിൽ ഓസ്‌ട്രേലിയയുടെ വിശ്വസ്തനായ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി വളർന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ബിൽ ലോറിയും സിംപ്‌സണും. ഓപ്പണർമാരായി 62 ഇന്നിംഗ്‌സുകളിൽ നിന്ന് 3596 റൺസ് നേടിയ ജോഡിയാണിത് - ആ ഘട്ടത്തിൽ ഒരു ഓപ്പണിംഗ് ജോഡി നേടിയ ഏറ്റവും കൂടുതൽ റൺസുമാണ്. സിംപ്‌സൺ ഒരു മികച്ച ലെഗ്സ്പിന്നർ കൂടിയായിരുന്നു. 71 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. വിരമിക്കുന്നതിന് മുമ്പുള്ള അവസാന ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ എട്ട് വിക്കറ്റ് നേട്ടമാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 1967ല്‍ അദ്ദേഹം വിരമിച്ചിരുന്നെങ്കിലും, പിന്നീട് 41-ാം വയസില്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു.

1980-കളിലാണ്‌ സിംപ്‌സൺ ഓസ്‌ട്രേലിയയുടെ പരിശീലക ചുമതല ഏറ്റെടുത്തു. താരത്തിന്റെ പരിശീലനത്തില്‍ ഓസ്‌ട്രേലിയന്‍ ടീം കൂടുതല്‍ കരുത്തരായി. 1985-ൽ സിംപ്‌സണെ സ്‌പോർട്‌സ് ഓസ്‌ട്രേലിയ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. 1987-ൽ ഓസീസ് ടീം ലോകകപ്പ് ജേതാക്കളായപ്പോഴും ബോബ് സിംപ്‌സണായിരുന്നു പരിശീലകന്‍. അതേസമയം ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് സിംപ്‌സൺ നൽകിയ അസാധാരണ സേവനം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്ന് ഓസീസ് പ്രധാനമന്ത്രി ആന്റണി അൽബനീസ് ശനിയാഴ്ച പറഞ്ഞു. “കളിക്കാരന്‍, ക്യാപ്റ്റന്‍, പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹം ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും”- ആന്റണി അൽബനീസ് പറഞ്ഞു.

Metro Australia
maustralia.com.au