
പലസ്തീനെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഇന്നലെ (ഓഗസ്റ്റ് 11 തിങ്കളാഴ്ച) പ്രഖ്യാപിച്ചു. ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളിലെ നേതാക്കളോടൊപ്പം ചേര്‍ന്നാണ് അദ്ദേഹം ഈ തീരുമാനം പ്രഖ്യാപിച്ചത്. പലസ്തീന്‍ അംഗീകാരം ആവശ്യപ്പെട്ട് മന്ത്രിസഭാംഗങ്ങളും രാജ്യത്തെ ജനങ്ങളും ആഴ്ചകളായി ഉന്നയിച്ച ആവശ്യങ്ങളും ഗസ്സയിലെ പട്ടിണിയും കഷ്ടപ്പാടുകളും സംബന്ധിച്ച സര്‍ക്കാരിനുള്ളിലെ വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നിലപാട് സ്വീകരിച്ചത്. ഗസ്സയില്‍ പുതിയ സൈനികാക്രമണം നടത്താനുള്ള ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തെയും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.
അംഗീകാരം ഔദ്യോഗികമായി സെപ്റ്റംബര്‍ മാസത്തിലെ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിക്കുമെന്ന് അല്‍ബനീസ് വ്യക്തമാക്കി. ”പലസ്തീന്‍ അതോറിറ്റി ഓസ്‌ട്രേലിയയ്ക്കു നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയുടെ ഫലസ്തീൻ അംഗീകാര തീരുമാനത്തെ പ്രതിപക്ഷമായ ലിബറൽ പാർട്ടി വിമർശിച്ചു. ഇത് ഓസ്‌ട്രേലിയയെ അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയുമായി എതിർക്കുന്നതാണെന്നും ഗസ്സയുടെ നിയന്ത്രണം ഹമാസ് തുടരുന്നതുവരെ അംഗീകാരം നൽകരുതെന്ന ഉഭയകക്ഷി സമവായത്തെ മാറ്റിമറിച്ചുവെന്നും പ്രതിപക്ഷം പറഞ്ഞു.