
കാന്‍ബറ: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും ആക്രമണം. മെല്‍ബണില്‍ ജൂലൈ 19 ന് സൗരഭ് ആനന്ദ് എന്നയാളെ അഞ്ചംഗ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ചുള്ള അക്രമണത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. ഗുരുതരമായി പരിക്കേറ്റ സൗരഭ് ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് സൗരഭിന്റെ കൈപ്പത്തി മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തിലെ മൂന്ന് പേര്‍ വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് സൗരഭിനെ പല ഘട്ടങ്ങളായി ആക്രമിച്ചുവെന്നാണ് വിവരം.
മെല്‍ബണിലെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയാണ് സൗരഭ് ആനന്ദ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ‘സഹിക്കാന്‍ കഴിയാത്ത വേദനയായിരുന്നു. അക്രമിക്കപ്പെട്ടതിന് ശേഷം നോക്കുമ്പോള്‍ എന്റെ കൈ ഒരു നൂലില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. അസ്ഥിയും പൊട്ടിയിരുന്നു. ഞാന്‍ ഇപ്പോള്‍ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്,’ ചികിത്സയിലിരിക്കെ സൗരഭ് ആനന്ദ് പറഞ്ഞു.