രാഷ്ട്രീയ നേതാക്കൾക്കെതിരായ ഭീഷണികൾക്ക് പ്രകോപനപരമായ പ്രസ്താവനകൾ കാരണമാകുന്നു: ഫെഡറൽ പൊലീസ് മേധാവി

ഹെലൻ ഹെയ്ൻസിനെതിരായ ആക്രമണത്തിന് പിന്നാലെ രാഷ്ട്രീയ ചർച്ചകളുടെ ഭാഷയിൽ മാറ്റം വേണമെന്ന് ആവശ്യം; എംപിമാരുടെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചേക്കും
പ്രകോപനപരമായ പ്രസ്താവനകൾ ഭീഷണികൾക്ക് കാരണമാകുന്നു: AFP മേധാവി
AFP Commissioner Krissy Barrett
Published on: 

പ്രകോപനപരമായ രാഷ്ട്രീയ പ്രസ്താവനകൾക്കും പാർലമെന്റ് അംഗങ്ങൾക്കെതിരായ ഭീഷണികൾക്കും നേരിട്ട് ബന്ധമുണ്ടെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) മേധാവി ക്രിസി ബാരറ്റ്. രാഷ്ട്രീയ ചർച്ചകൾ രൂക്ഷമാകുന്ന ഘട്ടങ്ങൾക്ക് പിന്നാലെ എംപിമാർക്കെതിരായ അധിക്ഷേപങ്ങളും ഭീഷണികളും വർധിക്കുന്നതായി പൊലീസ് നിരീക്ഷിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇൻസൈഡേഴ്‌സ് പരിപാടിയിൽ സംസാരിക്കവെയാണ് ബാരറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവവും എംപിമാർ നേരിടുന്ന ഭീഷണികളും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്നും ചിലപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഉടനടി പ്രകടമാകുമെന്നും അവർ പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യം തടയാനോ നിയമാനുസൃതമായ രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാനോ പൊലീസിന് താൽപര്യമില്ലെന്ന് ബാരറ്റ് വ്യക്തമാക്കി. എന്നാൽ, പ്രസ്താവനകൾ അക്രമഭീഷണികളിലേക്ക് നീങ്ങുമ്പോൾ നിയമപാലകർക്ക് ഇടപെടേണ്ട ഉത്തരവാദിത്തമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഫെഡറൽ പാർലമെന്റ് അംഗങ്ങൾക്ക് ലഭിക്കുന്ന ഭീഷണികളും അധിക്ഷേപങ്ങളും വായിച്ചുനോക്കുന്നവർക്ക് അവയെല്ലാം അഭിപ്രായസ്വാതന്ത്ര്യമോ രാഷ്ട്രീയ സംവാദമോ ആണെന്ന് പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയ നേതാക്കളെ കാറിടിക്കുന്നതായി ചിത്രീകരിക്കുന്ന വൺ നേഷൻ പാർട്ടിയുടെ കാർട്ടൂണുകൾ ഇത്തരം പ്രസ്താവനകളുടെ പരിധിയിൽ വരുമോയെന്ന ചോദ്യത്തിന്, അത്തരം സംഭവങ്ങളും ഉദാഹരണങ്ങളാകാമെന്ന് ബാരറ്റ് മറുപടി നൽകി. ചില പ്രഖ്യാപനങ്ങൾക്കും പ്രസ്താവനകൾക്കും പിന്നാലെ സമൂഹത്തിൽ പ്രതികരണങ്ങളുണ്ടാകുന്നതായി പൊലീസ് കാണുന്നുണ്ടെന്നും വാക്കുകൾക്ക് പ്രാധാന്യമുണ്ടെന്നും അവർ പറഞ്ഞു.

പ്രകോപനപരമായ പ്രസ്താവനകൾ ഭീഷണികൾക്ക് കാരണമാകുന്നു: AFP മേധാവി
Helen Haines

ഹെലൻ ഹെയ്ൻസിനെതിരായ ആക്രമണം

സ്വതന്ത്ര എംപിയായ ഹെലൻ ഹെയ്ൻസിനെതിരെ കഴിഞ്ഞയാഴ്ച വിക്ടോറിയയിലെ വാങരട്ടയിലുള്ള തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് കാറിടിച്ചുണ്ടായ ആക്രമണത്തിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ വ്യക്തിഗത സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇൻഡി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹെയ്ൻസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ആക്രമണത്തിൽ അവരുടെ ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് 43കാരനായ ബ്രെൻഡൻ ന്യൂജെന്റിനെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്തുന്നതിനാണ് അന്വേഷണസംഘം ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ബാരറ്റ് പറഞ്ഞു. എന്നാൽ, വ്യക്തമായ കാരണം കണ്ടെത്താൻ ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. പ്രതിയുടെ മാനസികാരോഗ്യത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇവയെല്ലാം പരിശോധിച്ചശേഷമേ ആക്രമണം ഹെയ്ൻസിന്റെ ഫെഡറൽ പാർലമെന്റ് അംഗമെന്ന നിലയിലുള്ള ചുമതലയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കാനാകൂവെന്നും ബാരറ്റ് പറഞ്ഞു.

പ്രകോപനപരമായ പ്രസ്താവനകൾ ഭീഷണികൾക്ക് കാരണമാകുന്നു: AFP മേധാവി
AFP Commissioner Krissy Barrett

എംപിമാർ സ്വന്തം സുരക്ഷയെക്കുറിച്ച് തീരുമാനമെടുക്കണം

ഫെഡറൽ എംപിമാർക്കും അവരുടെ ജീവനക്കാർക്കും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പൊലീസ് തുടർന്നും നിർദേശങ്ങളും വിവരങ്ങളും നൽകുമെന്ന് ബാരറ്റ് അറിയിച്ചു. എന്നാൽ, സ്വന്തം സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഓരോ എംപിയും സ്വയം എടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ചില എംപിമാർ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും നിലവിലെ സുരക്ഷാ സഹായത്തിന്റെ പരിമിതികളും പങ്കുവച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം. പാർലമെന്റ് അംഗങ്ങളുടെ സുരക്ഷയ്ക്കായി നീക്കിവയ്ക്കുന്ന ബജറ്റിന്റെ വലുപ്പത്തേക്കാൾ ലഭ്യമായ സംവിധാനങ്ങൾ എങ്ങനെ ഫലപ്രദമായി വിന്യസിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ബാരറ്റ് അഭിപ്രായപ്പെട്ടു. മാറിവരുന്ന ഭീഷണികൾക്ക് അനുസരിച്ച് സുരക്ഷാ ശേഷി വികസിപ്പിക്കുകയും സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുകയും വേണമെന്നും അവർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന വ്യക്തിഗത അലാറങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിഗണനയിലുണ്ടെന്നും ബാരറ്റ് വ്യക്തമാക്കി. എന്നാൽ, അടിയന്തരാവസ്ഥയിൽ ഓസ്‌ട്രേലിയയിലെ ട്രിപ്പിൾ സീറോ നമ്പറായ 000-ലേക്ക് വിളിക്കുന്നതാണ് ഇപ്പോഴും ഏറ്റവും ഫലപ്രദമായ മാർഗമെന്നും അവർ ഓർമിപ്പിച്ചു.

രാഷ്ട്രീയ ചർച്ചകളുടെ ഭാഷയിൽ മാറ്റം വേണമെന്ന് ആവശ്യം

തിങ്കളാഴ്ച പാർലമെന്റ് വീണ്ടും സമ്മേളിക്കുമ്പോൾ രാഷ്ട്രീയ ചർച്ചകളുടെ നിലവാരത്തെക്കുറിച്ച് എല്ലാ കക്ഷികളിലെയും നേതാക്കൾ ആലോചിക്കണമെന്ന് പ്രതിപക്ഷ ഷാഡോ കാബിനറ്റ് മന്ത്രി ടെഡ് ഒബ്രിയൻ പറഞ്ഞു.

ഹെയ്ൻസിനെതിരായ ആക്രമണം രാജ്യം കാര്യങ്ങൾ മെച്ചപ്പെടുത്താനും രാഷ്ട്രീയ സംവാദം കൂടുതൽ ഉത്തരവാദിത്തത്തോടെ നടത്താനും ചിന്തിക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തമായ രാഷ്ട്രീയ വിമർശനം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അതിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് ഹൗസിലെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചേക്കാമെന്ന് ലേബർ പാർട്ടി നേതാവ് കാതറിൻ കിങ്ങും സൂചിപ്പിച്ചു. എംപിമാർക്ക് ഫെഡറൽ പൊലീസ് മികച്ച സുരക്ഷാ പിന്തുണ നൽകുന്നുണ്ടെങ്കിലും ഹെയ്ൻസിനെതിരായ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ നിലവിലെ സംവിധാനങ്ങൾ വീണ്ടും പരിശോധിക്കാറുണ്ടെന്നും അവർ പറഞ്ഞു. പാർലമെന്റ് വീണ്ടും സമ്മേളിക്കാനിരിക്കെ ഹെയ്ൻസിന്റെ അസാന്നിധ്യം എല്ലാവർക്കും വേദനാജനകമായിരിക്കുമെന്നും കിങ് കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au