

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ ഇന്ധനവില സർവകാല റെക്കോർഡിലെത്തിയതിൽ ജനങ്ങളുടെ അമർഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയാണ് ഉണ്ടാകേണ്ടതെന്ന് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (ACT) മുഖ്യമന്ത്രി ആൻഡ്രൂ ബാർ. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്കുള്ള നഗരമായി കാൻബറ മാറിയ സാഹചര്യത്തിൽ ഇന്ധനവിലയിലെ അമിത വർധനവിനെക്കുറിച്ച് അന്വേഷിക്കാൻ എസിടി ലെജിസ്ലേറ്റീവ് അസംബ്ലി പ്രമേയം പാസാക്കി. തൊട്ടടുത്തുള്ള ന്യൂ സൗത്ത് വെയിൽസ് അതിർത്തി നഗരങ്ങളേക്കാൾ വലിയ വിലവ്യത്യാസമാണ് കാൻബറയിൽ റിപ്പോർട്ട് ചെയ്യുന്നത്.
സിഡ്‌നിയിൽ നിന്നുള്ള ഗതാഗതച്ചെലവും റീട്ടെയിൽ വിപണിയിലെ മത്സരക്കുറവും ഇന്ധന ഉപഭോഗം കുറഞ്ഞതുമാണ് പ്രാദേശിക ഘടകങ്ങളെങ്കിലും, നിലവിലെ ആഗോള വിലക്കയറ്റത്തിന് കാരണം ട്രംപ് തുടക്കമിട്ട നയങ്ങളും സംഘർഷങ്ങളുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, മുഖ്യമന്ത്രി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് മാർക്ക് പാർട്ടൺ ആരോപിച്ചു. തൊട്ടടുത്തുള്ള ക്വീൻബിയനിലും ഗോൾബേണിലും കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭിക്കുമ്പോൾ കാൻബറയിൽ മാത്രം അധിക നിരക്ക് ഈടാക്കുന്നത് പ്രാദേശിക നികുതിഭാരവും ഉയർന്ന ബിസിനസ് ചെലവുകളും കാരണമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം, ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനായി വാടകക്കാർക്ക് മുൻകൂർ ബോണ്ട് തുക പോർട്ട് ചെയ്യാൻ സഹായിക്കുന്ന പോർട്ടബിൾ റെന്റൽ ബോണ്ട് പദ്ധതിയെക്കുറിച്ചുള്ള സാധ്യതകളും അസംബ്ലി ചർച്ച ചെയ്തു.