ബാക്ക്പാക്കർ വീസ ചട്ടങ്ങൾ വെട്ടിച്ചുരുക്കി ഓസ്‌ട്രേലിയ; കർഷകരും വിനോദസഞ്ചാരികളും പ്രതിസന്ധിയിൽ

വീസ കാലാവധി നീട്ടിക്കിട്ടുമെന്ന ഉറപ്പ് നഷ്ടപ്പെട്ടതോടെ കഠിനമായ കാലാവസ്ഥയുള്ള ഗ്രാമീണ മേഖലകളിലെ ഫാം ജോലികളിൽ നിന്ന് വിദേശ സഞ്ചാരികൾ കൂട്ടത്തോടെ പിന്മാറുകയാണ്.
; ഗ്രാമീണ മേഖലകളിൽ കർഷകരും
; ഗ്രാമീണ മേഖലകളിൽ കർഷകരും ; ഗ്രാമീണ മേഖലകളിൽ കർഷകരും
Published on: 

ഗ്രിഫിത്ത് (NSW): വർക്കിംഗ് ഹോളിഡേ മേക്കർ (ബാക്ക്പാക്കർ) വീസ ചട്ടങ്ങളിൽ ഓസ്‌ട്രേലിയൻ സർക്കാർ വരുത്തിയ മാറ്റങ്ങൾ ഗ്രാമീണ-കാർഷിക മേഖലകളിൽ കനത്ത തിരിച്ചടിയാകുന്നു. ഓസ്‌ട്രേലിയയിൽ ആദ്യ വർഷം 88 ദിവസം കാർഷിക-ഗ്രാമീണ മേഖലകളിൽ ജോലി ചെയ്താൽ രണ്ടാമത്തെ വർഷത്തെ വീസ ഉറപ്പായി ലഭിച്ചിരുന്ന പഴയ രീതി നിർത്തലാക്കി പകരം 'ബാലറ്റ് സമ്പ്രദായം' (Lottery system) ഏർപ്പെടുത്തിയതാണ് തിരിച്ചടിയാകുന്നത്. വീസ കാലാവധി നീട്ടിക്കിട്ടുമെന്ന ഉറപ്പ് നഷ്ടപ്പെട്ടതോടെ കഠിനമായ കാലാവസ്ഥയുള്ള ഗ്രാമീണ മേഖലകളിലെ ഫാം ജോലികളിൽ നിന്ന് വിദേശ സഞ്ചാരികൾ കൂട്ടത്തോടെ പിന്മാറുകയാണ്.

പുതിയ പരിഷ്കരണത്തിലൂടെ അനുവദിക്കുന്ന വീസകളുടെ എണ്ണത്തിലും വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. രണ്ടാം വർഷ വീസകളുടെ എണ്ണം 57,000-ൽ നിന്ന് 45,000 ആയും മൂന്നാം വർഷ വീസകൾ 31,000-ൽ നിന്ന് വെറും 5,000 ആയുമാണ് കുറച്ചത്. കഠിനാധ്വാനം ചെയ്താലും വീസ ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ സിഡ്നി, മെൽബൺ, ഗോൾഡ് കോസ്റ്റ് തുടങ്ങിയ വൻ നഗരങ്ങളിൽ ജീവിതം ആസ്വദിക്കാനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്ന് വിദേശ ബാക്ക്പാക്കർമാർ വ്യക്തമാക്കുന്നു.

ഈ മാറ്റം ഓസ്‌ട്രേലിയയുടെ ഭക്ഷ്യോത്പാദന മേഖലയെ നേരിട്ട് ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ക്രിസ്മസ് വിളവെടുപ്പിന് മുന്നോടിയായി ചെറി, പഴവർഗ്ഗങ്ങൾ തുടങ്ങിയവ നിശ്ചിത സമയത്തിനകം വിളവെടുക്കാൻ ബാക്ക്പാക്കർമാരില്ലെങ്കിൽ കൃഷി നശിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു. എൻഎസ്ഡബ്ല്യുവിലെ പ്രമുഖ വൈൻ നിർമ്മാതാക്കളായ ഡി ബോർട്ടോളിയിൽ (De Bortoli) വിന്റേജ് സീസണിൽ തൊഴിലാളികളുടെ 85 ശതമാനവും ബാക്ക്പാക്കർമാരാണ്. അതേസമയം, ബാക്ക്പാക്കർമാരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും വിസ വിതരണത്തിൽ സുതാര്യത കൊണ്ടുവരാനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനുമാണ് പരിഷ്കാരങ്ങളെന്നും ഹോം അഫയേഴ്സ് വകുപ്പ് വ്യക്തമാക്കി.

Metro Australia
maustralia.com.au