

സിഡ്‌നി: വസന്തകാലത്തിന്റെ തുടക്കത്തിൽ തന്നെ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കി ഓസ്‌ട്രേലിയയിൽ വിഭിന്ന കാലാവസ്ഥാ പ്രതിഭാസം. രാജ്യത്തിന്റെ ഒരു ഭാഗത്ത് താപനില ക്രമാതീതമായി ഉയരുമ്പോൾ തെക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ ശീതക്കാറ്റും (Cold front) ഇടിമിന്നലോടെയുള്ള മഴയുമാണ് പ്രവചിച്ചിരിക്കുന്നത്. കിഴക്കൻ മേഖലകളിലും ക്വീൻസ്‌ലൻഡിലും ചൂട് വർദ്ധിക്കും; ഞായറാഴ്ച ബ്രിസ്‌ബേനിലെ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. സിഡ്‌നിയിൽ ശനിയാഴ്ച താപനില 31 ഡിഗ്രിയിലെത്തുമെന്നും പടിഞ്ഞാറൻ സബർബുകളായ പെൻറിത്, പരമറ്റ എന്നിവിടങ്ങളിൽ 33 ഡിഗ്രി വരെ ചൂട് ഉയരുമെന്നും ബ്യൂറോ ഓഫ് മീറ്റിയോറോളജി (BOM) മുന്നറിയിപ്പ് നൽകി.
വരണ്ട ചൂടുകാറ്റ് വീശിയടിക്കുന്നതോടെ സിഡ്‌നിയിലും പരിസരപ്രദേശങ്ങളിലും കടുത്ത കാട്ടുതീ ജാഗ്രതാ നിർദ്ദേശം (Extreme fire danger) പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം, വിക്ടോറിയ, ടാസ്മേനിയ, സൗത്ത് ഓസ്‌ട്രേലിയയുടെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിൽ അതിശക്തമായ തണുപ്പും മഴയും ഇടിമിന്നലും തുടരും. മെൽബണിൽ വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴയും കുറഞ്ഞ താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ആംഗസ് ഹൈൻസ് വ്യക്തമാക്കി.