

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയൻ വീസ അപേക്ഷകർക്ക് വിരലടയാളവും (ഫിംഗർപ്രിന്റ്) മുഖചിത്രവും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. 2026 ഒക്ടോബർ 26 മുതൽ സമർപ്പിക്കുന്ന പുതിയ അപേക്ഷകൾക്കാണ് ഈ പരിഷ്കാരം ബാധകമാകുക എന്ന് ന്യൂഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഒക്ടോബർ 26-ന് മുമ്പ് അപേക്ഷ സമർപ്പിച്ചവർക്കും ഇതിനകം വീസ ലഭിച്ചവർക്കും പുതിയ നിബന്ധന ബാധകമല്ല.
വീസ സംവിധാനത്തിന്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയ നടപ്പിലാക്കുന്ന വിപുലീകരിച്ച ബയോമെട്രിക് കളക്ഷൻ പ്രോഗ്രാമിൽ ഇന്ത്യ ഉൾപ്പെടെ അറുപതോളം രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ അപേക്ഷകർക്കും ഇത് ബാധകമാണോ എന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് നേരിട്ട് അറിയിക്കും. ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടവർക്ക് ഇമെയിൽ വഴിയോ അവരുടെ അംഗീകൃത ഏജന്റ് വഴിയോ ഔദ്യോഗിക അറിയിപ്പ് ലഭിക്കും.
അറിയിപ്പ് ലഭിക്കുന്ന അപേക്ഷകർ വിഎഫ്എസ് ഗ്ലോബൽ (VFS Global) നടത്തുന്ന ഓസ്ട്രേലിയൻ ബയോമെട്രിക്സ് കളക്ഷൻ സെന്ററുകളിൽ (ABCC) നേരിട്ടെത്തി വിവരങ്ങൾ കൈമാറണം. എന്നാൽ, മുൻപ് ബയോമെട്രിക്സ് നൽകിയിട്ടുള്ള സാധുവായ പാസ്പോർട്ട് ഉള്ളവർക്ക് 'Australian Immi App' മൊബൈൽ ആപ്ലിക്കേഷൻ വഴി സൗജന്യമായി ഡിജിറ്റലായി തന്നെ വിവരങ്ങൾ സമർപ്പിക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചയുടൻ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വീസ പ്രോസസ്സിംഗ് സമയത്തിൽ യാതൊരു കാലതാമസവും ഉണ്ടാകില്ലെന്നും, ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ഓസ്ട്രേലിയൻ നിയമങ്ങൾക്കനുസൃതമായി അതീവ സുരക്ഷിതമായി സൂക്ഷിക്കുമെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി.