ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം പാളുന്നു; പ്രായപരിശോധന മറികടന്ന് കുട്ടികൾ

ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, യൂട്യൂബ്, ടിക് ടോക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ പ്രാഥമിക ഘട്ടത്തിലുള്ള പ്രായപരിശോധനകളിൽ പോലും പരാജയപ്പെടുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം പാളുന്നു
ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം പാളുന്നു(Freepick)
Published on

സിഡ്‌നി: 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കുന്നത് തടയാൻ ഓസ്‌ട്രേലിയൻ സർക്കാർ കൊണ്ടുവന്ന കടുത്ത നിയമം പ്രായപരിശോധനയിലെ (Age Checks) ഗുരുതരമായ വീഴ്ചകൾ കാരണം ഫലപ്രദമാകുന്നില്ലെന്ന് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, യൂട്യൂബ്, ടിക് ടോക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ പ്രാഥമിക ഘട്ടത്തിലുള്ള പ്രായപരിശോധനകളിൽ പോലും പരാജയപ്പെടുന്നതായി സർക്കാരിന്റെ ഉപദേശക സമിതിയിൽ ഉൾപ്പെട്ടിരുന്ന ഗവേഷകരുടെ പുതിയ പഠനം വ്യക്തമാക്കുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികൾ വ്യാജ ജന്മദിനങ്ങൾ നൽകി അക്കൗണ്ടുകൾ നിർമ്മിക്കുന്നത് തടയാൻ ആപ്പുകൾക്ക് സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചട്ടങ്ങൾ പാലിക്കാത്ത ടെക് ഭീമന്മാർക്കെതിരെ കഴിഞ്ഞ മാസം രാജ്യം പരമാവധി പിഴത്തുക ഇരട്ടിയാക്കിയിരുന്നു.

കഴിഞ്ഞ ഡിസംബറിൽ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം 'കെജെആർ' എന്ന സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് സ്ഥാപനം നടത്തിയ നിരീക്ഷണത്തിൽ, തങ്ങൾ വ്യാജമായി നിർമ്മിച്ച 50 അക്കൗണ്ടുകളിൽ ഒരിടത്ത് പോലും പ്രായം തെളിയിക്കാനുള്ള രേഖകൾ പ്ലാറ്റ്‌ഫോമുകൾ ആവശ്യപ്പെട്ടില്ലെന്ന് കണ്ടെത്തി. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പ്രായം ഊഹിക്കുന്ന എഐ സിസ്റ്റങ്ങൾ കൗമാരക്കാരെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയാണ്. എന്നാൽ ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ 'കിക്ക്' മാത്രമാണ് പ്രായം തെളിയിക്കുന്ന രേഖകളില്ലാതെ അക്കൗണ്ട് നിർമ്മിക്കാൻ അനുവദിക്കാതിരുന്നത്. നിയമം ലംഘിച്ച എക്സ്, മെറ്റാ തുടങ്ങിയ 9 പ്രധാന പ്ലാറ്റ്‌ഫോമുകളിലും ഈ വ്യാജ അക്കൗണ്ടുകൾ ഇപ്പോഴും സജീവമായി തുടരുന്നു. കൗമാരക്കാർക്കായി നിർമ്മിച്ച ഈ അക്കൗണ്ടുകളിലേക്ക് അശ്ലീല ഉള്ളടക്കങ്ങളും ബാങ്കിംഗ് പരസ്യങ്ങളും എത്തുന്നതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സ്വകാര്യതാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഉപഭോക്താക്കളുടെ പാസ്‌പോർട്ടോ ഡ്രൈവിംഗ് ലൈസൻസോ മാത്രം പ്രായപരിശോധനയ്ക്കായി ആശ്രയിക്കാൻ പാടില്ലെന്ന് ഓസ്‌ട്രേലിയൻ റെഗുലേറ്റർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുട്ടികൾ തെറ്റായ വിവരങ്ങൾ നൽകി നിയമം മറികടക്കുന്നത് തടയാൻ ആപ്പുകൾക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, വരും മാസങ്ങളിൽ കൂടുതൽ കർശനമായ ബിഹേവിയറൽ എഐ ടൂളുകൾ വഴി ഇത് പരിഹരിക്കാൻ സാധിക്കുമെന്നാണ് ഇ-സേഫ്റ്റി കമ്മീഷണറുടെ വിലയിരുത്തൽ. നിരോധനത്തിന്റെ ആഘാതത്തെക്കുറിച്ച് അടുത്ത രണ്ട് വർഷത്തേക്ക് നടത്തുന്ന വിശദമായ പഠനത്തിലൂടെ വരും മാസങ്ങളിൽ കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്ന് ഡിജിറ്റൽ റൈറ്റ്സ് വിദഗ്ദ്ധർ പ്രത്യാശ പ്രകടിപ്പിച്ചു.

Metro Australia
maustralia.com.au