

കാൻബറ: ബിസിനസ് സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ ഫലപ്രദമായ പ്രയോഗം വർദ്ധിപ്പിച്ചില്ലെങ്കിൽ ആഗോള എഐ മുന്നേറ്റത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ഓസ്‌ട്രേലിയക്ക് നഷ്ടമാകുമെന്ന് ട്രഷറി മുന്നറിയിപ്പ്. ട്രഷറർ ജിം ചാൽമേഴ്‌സിന് സമർപ്പിച്ച റിപ്പോർട്ടിലാണ് രാജ്യത്തെ ബിസിനസുകളുടെ എഐ ഉപയോഗം വ്യാപകമാണെങ്കിലും അത് വളരെ പ്രാഥമിക തലത്തിൽ മാത്രമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പത്തിൽ ഒരു ബിസിനസ് മാത്രമാണ് കാര്യക്ഷമമായ രീതിയിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
എഐ വ്യാപനം വഴി വൻതോതിലുള്ള തൊഴിൽ നഷ്ടങ്ങൾ ഓസ്‌ട്രേലിയയിൽ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ആഗോള പ്രവണതകൾ നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് ഡാറ്റാ സെന്റർ നിർമ്മാണ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. 2030-ഓടെ ഈ മേഖലയിലെ നിക്ഷേപം 150 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രാദേശിക എഐ ശേഷി വികസിപ്പിക്കാനുമായി ഓപ്പൺഎഐ, ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, എൻവിഡിയ തുടങ്ങിയ വൻകിട ടെക് കമ്പനികളുമായി ഓസ്‌ട്രേലിയൻ ഉന്നതതല സംഘം യുഎസിൽ ചർച്ചകൾ നടത്തും.