

കാൻബറ: ഓസ്‌ട്രേലിയൻ വിനോദസഞ്ചാര, വ്യാപാര മേഖലകൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകിക്കൊണ്ട് ആൽബനീസ് സർക്കാർ നാല് വിദേശ രാജ്യങ്ങളുമായി പുതിയ വ്യോമയാന കരാറുകളിൽ ഒപ്പുവെച്ചു. മാൽദ്വീപ്സ്, എൽ സാൽവദോർ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുമായാണ് ഓസ്‌ട്രേലിയ കരാറുകൾ പുതുക്കുകയും ഒപ്പുവെക്കുകയും ചെയ്തത്. ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ മാൽദ്വീപ്സുമായി ഒപ്പുവെച്ച കരാർ പ്രകാരം ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ഓസ്‌ട്രേലിയയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്താൻ അനുമതിയുണ്ടാകും. മാലിയിൽ നിന്നും മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാന സർവീസ് ഇന്ന് മുതൽ ആരംഭിക്കും.
മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറുമായി ഒപ്പുവെച്ച പുതിയ കരാർ പ്രകാരം ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് കോഡ് ഷെയർ (Code share) സർവീസുകൾ നടത്താൻ സാധിക്കും. ഇത് കമ്പനികൾക്ക് അവരുടെ ആഗോള ശൃംഖലയും പങ്കാളിത്തവും വിപുലീകരിക്കാൻ സഹായകരമാകും. വ്യോമയാന രംഗത്തെ ഈ പുതിയ കൂട്ടായ്മകൾ യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളും മികച്ച കണക്റ്റിവിറ്റിയും ഉറപ്പുനൽകുന്നതാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളായ ഖത്തർ, യുഎഇ എന്നിവയുമായി ഒപ്പുവെച്ച പുതുക്കിയ കരാറുകൾ ഓസ്‌ട്രേലിയയിലെ പുതിയ വിമാനത്താവള വികസനത്തിന് ഊർജ്ജം പകരുന്നതാണ്. ഇതനുസരിച്ച് ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് പുതുതായി നിർമ്മിക്കുന്ന വെസ്റ്റേൺ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളം വഴി ആഴ്ചയിൽ ഏഴ് അധിക സർവീസുകൾ നടത്താൻ അനുമതി ലഭിക്കും. വിനോദസഞ്ചാര-വ്യാപാര മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ പുതിയ കരാറുകൾ വഴി സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു.