

എലിസബത്ത് രാജ്ഞിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് റോയൽ ഓസ്‌ട്രേലിയൻ മിന്റ് പുറത്തിറക്കിയ പുതിയ സ്മാരക നാണയങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് കാരണമാകുന്നു. 50 സെന്റ്, 5 ഡോളർ നാണയങ്ങളിലാണ് രാജ്ഞിയുടെ മുഖാമുഖമുള്ള ചിത്രം (Front-facing effigy) ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ചിത്രം അന്തരിച്ച രാജ്ഞിയുടേതിനേക്കാൾ ഉപരി ഹോളിവുഡ് താരം റോബിൻ വില്യംസ് അവതരിപ്പിച്ച 'മിസിസ് ഡൗട്ട്ഫയർ' എന്ന കഥാപാത്രത്തോടാണ് സാമ്യമുള്ളതെന്നാണ് വിമർശകരുടെ പരിഹാസം.
സാധാരണയായി നാണയങ്ങളിൽ രാജ്ഞിയുടെ വശങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് (Side profile) നൽകാറുള്ളത്. എന്നാൽ പുതിയ ഡിസൈൻ മാന്യതയില്ലാത്തതാണെന്നും നാണയങ്ങൾ ഉരുക്കിക്കളഞ്ഞ് പുതിയ ചിത്രം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി. ചിത്രം ഒരു മതിലിൽ ചെന്ന് ഇടിച്ചതുപോലെയുണ്ടെന്ന് ഒരാൾ ഫേസ്ബുക്കിൽ പരിഹസിച്ചു. രാജ്ഞിയുടെ കുതിരകളോടും കോർഗി ഇനം നായ്ക്കളോടുമുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന ഡിസൈനുകളും നാണയത്തിലുണ്ട്.
വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി റോയൽ ഓസ്‌ട്രേലിയൻ മിന്റ് രംഗത്തെത്തി. രാജ്ഞിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന വളരെ മനോഹരമായ ചിത്രമാണിതെന്നാണ് ഇവരുടെ വാദം. ലോഹത്തിൽ പതിപ്പിക്കുമ്പോൾ ചിത്രത്തിന്റെ യഥാർത്ഥ ഭംഗി എല്ലായ്പ്പോഴും പൂർണ്ണമായി പ്രതിഫലിക്കണമെന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. 2022-ൽ അന്തരിച്ച എലിസബത്ത് രാജ്ഞി 70 വർഷത്തിലധികം ഓസ്‌ട്രേലിയയുടെ രാഷ്ട്രത്തലവയായിരുന്നു.