മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗികൾക്ക് ആശ്വാസം, ജീവൻരക്ഷാ മരുന്നുകളുടെ സബ്‌സിഡി തുടരും

സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണെന്ന് എംഎസ് ഓസ്‌ട്രേലിയ സിഇഒ രോഹൻ ഗ്രീൻലാൻഡ് വ്യക്തമാക്കി.
medicine
വിലത്തർക്കത്തിനിടയിലും ജീവൻരക്ഷാ മരുന്നുകളുടെ സബ്‌സിഡി തുടരുമെന്ന് ഓസ്‌ട്രേലിയfreestocks/ Unsplash
Published on

കാൻബെറ: മൾട്ടിപ്പിൾ സ്ക്ലിറോസിസ് (MS) ബാധിതരായ ആയിരക്കണക്കിന് ഓസ്‌ട്രേലിയൻ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ജീവൻരക്ഷാ മരുന്നുകളുടെ സബ്‌സിഡി തുടരുമെന്ന് കേന്ദ്ര സർക്കാർ. ആഗോള മരുന്ന് നിർമ്മാണ കമ്പനികളുമായുള്ള വിലത്തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും, രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെ പ്രശ്നം പരിഹരിക്കുമെന്ന് ഹെൽത്ത് മിനിസ്റ്റർ മാർക്ക് ബട്ട്‌ലർ ഉറപ്പുനൽകി. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒക്രെവസ് , കെസിംപ്ത , ലെംട്രാഡ (Lemtrada) എന്നീ മരുന്നുകൾ ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്സ് സ്കീമിൽ (PBS) തന്നെ നിലനിർത്തും. ഇതേക്കുറിച്ച് പഠിക്കാൻ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുന്ന തരത്തിൽ ഒരു 'റാപ്പിഡ് റിവ്യൂ' (Rapid Review) പ്രഖ്യാപിച്ചിട്ടുണ്ട്.

മരുന്നുകളുടെ വില 50 ശതമാനം വരെ വെട്ടിക്കുറയ്ക്കണമെന്ന ഓസ്‌ട്രേലിയൻ ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്സ് അഡ്വൈസറി കമ്മിറ്റിയുടെ (PBAC) നിർദ്ദേശം റോഷ്, നൊവാർട്ടിസ്, സനോഫി തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾ തള്ളിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സബ്‌സിഡി ഒഴിവാക്കപ്പെട്ടാൽ രോഗികൾ പ്രതിവർഷം 33,000 ഡോളറിലധികം (ഏകദേശം 18 ലക്ഷത്തിലധികം രൂപ) സ്വന്തം പോക്കറ്റിൽ നിന്ന് മുടക്കേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം പിബിഎസ് വിലയായ 25 ഡോളറിലോ (കൺസെഷൻ കാർഡുടമകൾക്ക് 7.70 ഡോളർ) മരുന്നുകൾ തുടർന്നും ലഭിക്കും. സമാനമായ ഗുണനിലവാരമുള്ള 'ബ്രിയുമിവി' (Briumivi) എന്ന പുതിയ മരുന്ന് കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിയതാണ് മറ്റ് കമ്പനികളോട് വില കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെടാൻ കാരണം. നിലവിൽ ആസ്ട്രാസെനെക്ക, എലി ലില്ലി തുടങ്ങിയ വൻകിട കമ്പനികളുമായും സമാനമായ വിലത്തർക്കങ്ങൾ ഓസ്‌ട്രേലിയൻ സർക്കാർ നേരിടുന്നുണ്ട്. സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണെന്ന് എംഎസ് ഓസ്‌ട്രേലിയ സിഇഒ രോഹൻ ഗ്രീൻലാൻഡ് വ്യക്തമാക്കി.

Metro Australia
maustralia.com.au