

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കുറഞ്ഞ ശമ്പളക്കാരായ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ദേശീയ കുറഞ്ഞ വേതന നിരക്കുകൾ വർദ്ധിപ്പിച്ചു. ഫെയർ വർക്ക് കമ്മീഷന്റെ ) വാർഷിക വേതന അവലോകനത്തിലാണ് കുറഞ്ഞ വേതന നിരക്ക് 5.97 ശതമാനവും, മിനിമം അവാർഡ് നിരക്ക് 4.75 ശതമാനവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. വരും ജൂലൈ 1 മുതൽ പുതിയ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരും.
പുതിയ പരിഷ്കാരം അനുസരിച്ച് ദേശീയ കുറഞ്ഞ വേതന നിരക്ക് മണിക്കൂറിന് 24.95 ഡോളറിൽ നിന്നും 26.44 ഡോളറായി ഉയരും. ആഴ്ചയിൽ 38 മണിക്കൂർ ജോലി ചെയ്യുന്ന ഒരു സ്ഥിരം ജീവനക്കാരന് ഇനി മുതൽ ആഴ്ചയിൽ 1,004.90 ഡോളർ (മുൻപ് 948 ഡോളർ) മിനിമം വേതനമായി ലഭിക്കും. ഓസ്‌ട്രേലിയയിലെ ആകെ ജീവനക്കാരിൽ 21 ശതമാനത്തോളം വരുന്നത് (ഏകദേശം 2.8 ദശലക്ഷം ആളുകൾ) നിരക്കിൽ ശമ്പളം കൈപ്പറ്റുന്നവരാണ്. ഹോട്ടൽ ആൻഡ് ഫുഡ് സർവീസ്, റീട്ടെയിൽ വ്യാപാരം, ഹെൽത്ത് കെയർ, അഡ്മിനിസ്ട്രേറ്റീവ് എന്നീ നാല് പ്രധാന മേഖലകളിലാണ് ഈ വിഭാഗം തൊഴിലാളികൾ കൂടുതലായും ഉള്ളത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും പാർട്ട് ടൈം ജീവനക്കാരുമാണ്.
പണപ്പെരുപ്പവും മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലമുണ്ടായ ഇന്ധനവില വർദ്ധനവും ജനജീവിതത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് വേതനം വർദ്ധിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. തൊഴിലാളികളുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (ACTU) സ്വാഗതം ചെയ്തപ്പോൾ, ബിസിനസ്സ് മേഖലയ്ക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭങ്ങൾക്ക് ഈ ശമ്പള വർദ്ധനവ് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ഓസ്‌ട്രേലിയൻ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ACCI) ആശങ്ക പ്രകടിപ്പിച്ചു. ഇതുകൂടാതെ, കുറഞ്ഞ വേതന വ്യവസ്ഥയിലെ ഏറ്റവും താഴ്ന്ന തസ്തികയായ C13 ഘട്ടഘട്ടമായി നിർത്തലാക്കാനും, വിവിധ ആരോഗ്യ മേഖലകളിലെ സ്ത്രീ ജീവനക്കാരുടെ വേതനത്തിലെ ലിംഗവിവേചനം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും എഫ്.ഡബ്ല്യു.സി തീരുമാനിച്ചിട്ടുണ്ട്.
.