

കോടതി രേഖ തയ്യാറാക്കുന്നതിന് കൃത്രിമ ബുദ്ധിമുട്ട് (AI) ഉപയോഗിച്ച സംഭവത്തിൽ മൂന്ന് അഭിഭാഷകർക്കെതിരെ ഓസ്ട്രേലിയയിലെ നിയമ നിയന്ത്രണ സ്ഥാപനങ്ങൾ അന്വേഷണം ആരംഭിക്കും. തെറ്റായ നിയമ റഫറൻസുകൾ ഉൾപ്പെടുത്തിയ ഒരു രേഖ കോടതിയിൽ സമർപ്പിച്ചതായാണ് കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച സിഡ്‌നിയിൽ ഓസ്‌ട്രേലിയയിലെ ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോടതി നൽകിയ ഒരു വിധിന്യായത്തിൽ, ഒരു സൗത്ത് ഓസ്‌ട്രേലിയൻ സോളിസിറ്ററും രണ്ട് വിക്ടോറിയൻ ബാരിസ്റ്റർമാരും എഐയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടങ്ങിയ ഒരു രേഖ സമർപ്പിച്ചതായി കണ്ടെത്തി.
2025 ഒക്ടോബർ 17ന് സമർപ്പിച്ച അപ്പീൽ രേഖയിൽ എ ഐ സഹായത്തോടെ തയ്യാറാക്കിയതിലുള്ള തെറ്റായ കേസ് റഫറൻസുകളും നിലവിലില്ലാത്ത നിയമ തീരുമാനങ്ങളുമുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതിനെ കോടതി എ ഐയുടെ “ഹാല്യൂസിനേഷൻ” എന്നാണ് വിശേഷിപ്പിച്ചത്.
അഭിഭാഷകർ എ ഐ ഉപയോഗിച്ചെന്ന് പിന്നീട് കോടതിയിൽ സ്ഥിരീകരിച്ചു. എന്നാൽ സൗത്ത് ഓസ്‌ട്രേലിയയിലെ സോളിസിറ്റർ താൻ നേരിട്ട് എ.ഐ. ഉപയോഗിച്ചില്ലെന്നും തന്റെ പാരാലീഗലാണ് അത് ഉപയോഗിച്ചതെന്നും അറിയിച്ചു. പാരാലീഗലിന് ആവശ്യമായ പരിശീലനം നൽകിയിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത സോളിസിറ്റർ കോടതിയോട് ക്ഷമ ചോദിക്കുകയും, പാരാലീഗലിന്റെ സേവനം അവസാനിപ്പിച്ചതടക്കമുള്ള പരിഹാര നടപടികൾ സ്വീകരിച്ചതായും അറിയിച്ചു.
തുടർന്ന് തിരുത്തിയ രേഖ സമർപ്പിച്ചെങ്കിലും, അതിലും ചില എ.ഐ. മൂലമുള്ള പിഴവുകൾ തുടരാമെന്ന ആശങ്ക കോടതി രേഖപ്പെടുത്തി.
കോടതി ഈ സംഭവത്തെ 'നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി' എന്നാണ് വിലയിരുത്തിയത്. എഐ ഉപയോഗിച്ച് രഹസ്യ രേഖകൾ നൽകുന്നത് സ്വകാര്യതാ ലംഘനത്തിനും നിയമപ്രിവിലേജ് നഷ്ടപ്പെടുന്നതിനും കാരണമാകാമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഈ കേസിൽ സോളിസിറ്റർ 35,000 ഡോളറിലധികം കോടതിചെലവും, എഐ പിഴവുകൾ ശരിയാക്കുന്നതിനായി അധികമായി 10,000 ഡോളറും അടയ്‌ക്കണമെന്നും കോടതി ഉത്തരവിട്ടു.
മൂന്ന് അഭിഭാഷകരും അവരുടെ സംസ്ഥാനത്തെ നിയമ നിയന്ത്രണ ഏജൻസികളായ സൗത്ത് ഓസ്‌ട്രേലിയൻ ലീഗൽ പ്രൊഫഷൻ കണ്ടക്ട് കമ്മീഷണറെയും വിക്ടോറിയൻ ലീഗൽ സർവീസസ് ബോർഡിനെയും കമ്മീഷണറെയും നേരിട്ട് വിശദീകരണം നൽകേണ്ടി വരും.