ജെറ്റ് ഫ്യൂവൽ ഇറക്കുമതി പ്രതിസന്ധിയിൽ; വിമാനയാത്ര നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

ഏപ്രിൽ മാസത്തിൽ മതിയായ ഇന്ധനം ലഭ്യമാണെങ്കിലും മെയ് മാസം മുതൽ വിമാന സർവീസുകളെ ഇത് ബാധിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വിമാനയാത്ര നിരക്കുകൾ വർദ്ധിക്കാൻ സാധ്യത
വിമാനയാത്ര നിരക്കുകൾ വർദ്ധിക്കാൻ സാധ്യത(Google)
Published on

മെൽബൺ: മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടതോടെ ഓസ്‌ട്രേലിയയിലേക്കുള്ള ജെറ്റ് ഫ്യൂവൽ (Jet Fuel) ഇറക്കുമതി കടുത്ത പ്രതിസന്ധിയിലേക്ക്. ഓസ്‌ട്രേലിയ പ്രധാനമായും ഇന്ധനം ഇറക്കുമതി ചെയ്യുന്ന ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് തിരിച്ചടിയാകുന്നത്. ഏപ്രിൽ മാസത്തിൽ മതിയായ ഇന്ധനം ലഭ്യമാണെങ്കിലും മെയ് മാസം മുതൽ വിമാന സർവീസുകളെ ഇത് ബാധിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ദക്ഷിണ കൊറിയയിൽ നിന്നുള്ള 'എസ്ടിഐ സ്റ്റെഡ്ഫാസ്റ്റ്' (STI Steadfast) എന്ന എണ്ണക്കപ്പൽ വരും ദിവസങ്ങളിൽ വിക്ടോറിയയിൽ എത്തുമെങ്കിലും ഭാവിയിലെ വിതരണം അനിശ്ചിതത്വത്തിലാണ്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായ ചൈന തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി കയറ്റുമതി പകുതിയായി കുറച്ചു കഴിഞ്ഞു. പ്രതിമാസം 20 ലക്ഷം ടൺ ജെറ്റ് ഫ്യൂവൽ കയറ്റുമതി ചെയ്തിരുന്ന ചൈന ഇത് 10 ലക്ഷം ടണ്ണായാണ് കുറച്ചത്. സിംഗപ്പൂരും ദക്ഷിണ കൊറിയയും സമാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയയിലേക്കുള്ള വിതരണം തുടരാൻ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ട്.

ഇന്ധനവില കുതിച്ചുയരുന്നത് മൂലം ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കാനും യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കാനും നിർബന്ധിതരാകുകയാണ്. ക്രൂഡ് ഓയിൽ സംസ്കരിച്ച് ജെറ്റ് ഫ്യൂവൽ നിർമ്മിക്കുന്ന ഏഷ്യൻ രാജ്യങ്ങൾ എണ്ണയ്ക്കായി മിഡിൽ ഈസ്റ്റിനെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ഈ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. ഓസ്‌ട്രേലിയൻ വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാൻ സർക്കാർ മുൻകരുതലുകൾ എടുക്കുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ വിമാനയാത്ര കൂടുതൽ ചെലവേറിയതാകാനാണ് സാധ്യത.

Related Stories

No stories found.
Metro Australia
maustralia.com.au