

ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിന്റെ (ADF) തീരുമാനമെടുക്കൽ ശേഷി ശക്തിപ്പെടുത്തുന്നതിനായി കൃത്രിമബുദ്ധി (AI) ഉൾപ്പെടെയുള്ള നവീന സാങ്കേതികവിദ്യകൾക്ക് ഓസ്ട്രേലിയൻ സർക്കാർ ഏകദേശം 40 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (26 മില്യൺ യുഎസ് ഡോളർ) അനുവദിച്ചു.
ഈ ധനസഹായം അഡ്വാൻസ്ഡ് സ്ട്രാറ്റജിക് ക്യാപബിലിറ്റീസ് ആക്സിലറേറ്ററിന്റെ (ASCA) എമർജിംഗ് ആൻഡ് ഡിസ്രപ്റ്റീവ് ടെക്നോളജീസ് (EDT) പദ്ധതിയിലൂടെയാണ് നൽകുന്നത്. എയർ, ലാൻഡ്, സ്‌പേസ്, മാരിടൈം, സൈബർ മേഖലകളിലായി ‘ഡിസിഷൻ അഡ്വാൻറേജ്’ വികസിപ്പിക്കുന്നതിനായി 14 കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.
സാധ്യതയുള്ള എതിരാളികളെക്കാൾ വേഗത്തിലും കാര്യക്ഷമമായും തീരുമാനമെടുക്കാനുള്ള കഴിവിനെയാണ് ‘ഡിസിഷൻ അഡ്വാൻറേജ്’ എന്ന് സർക്കാർ വിശദീകരിക്കുന്നത്. ഇത് 2024 ദേശീയ പ്രതിരോധ തന്ത്രത്തിലെ ആറ് പ്രധാന ശേഷികളിൽ ഒന്നാണ്.
ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാൻഡ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിലെ സർവകലാശാലകളും സ്വകാര്യ കമ്പനികളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിക്ക് 1.02 മില്യൺ ഡോളറും, കർട്ടിൻ യൂണിവേഴ്സിറ്റിക്ക് 3.17 മില്യൺ ഡോളറും, മക്വാറി യൂണിവേഴ്സിറ്റിയും വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയും ചേർന്ന് 3.29 മില്യൺ ഡോളറും, ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിക്ക് 3.22 മില്യൺ ഡോളറും ലഭിച്ചു.
കോർട്ടിസോണിക്, സ്വോർഡ്ഫിഷ് കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതിക കമ്പനികൾക്കും യഥാക്രമം 3.23 മില്യൺ ഡോളറും 3.09 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്.