

ഓസ്ട്രേലിയ ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളെ വിദ്യാർത്ഥി വിസയ്ക്കുള്ള ഏറ്റവും ഉയർന്ന റിസ്‌ക് വിഭാഗമായ AL3-ലേക്ക് മാറ്റി. ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്ന ഈ നീക്കം ഇന്ത്യയിൽ ആശങ്കകൾ ഉയര്‍ത്തി. ചൈനയ്ക്കു ശേഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് അയക്കുന്ന രാജ്യം ഇന്ത്യയാണ്.
ഓസ്‌ട്രേലിയ ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയെ അസസ്‌മെന്റ് ലെവൽ 2 (AL2) ൽ നിന്ന് അസസ്‌മെന്റ് ലെവൽ 3 (AL3) ലേക്ക് മാറ്റി. അസസ്‌മെന്റ് ലെവൽ AL1 (ഏറ്റവും കുറഞ്ഞ അപകടസാധ്യത) മുതൽ AL3 (ഏറ്റവും ഉയർന്ന അപകടസാധ്യത) വരെയാണ്. AL3-ലേക്ക് മാറിയതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ കർശനമായ വീസ പരിശോധന നേരിടേണ്ടിവരും. ബാങ്ക് സ്റ്റേറ്റ്മെന്റുകളുടെ വിശദപരിശോധന, കൂടിതൽ ഇംഗ്ലീഷ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകളുടെയും റഫറൻസുകളുടെയും സ്ഥിരീകരണം ഉൾപ്പെടെ പരിശോധന ശക്തമാകും. വീസ പ്രോസസ്സിംഗ് സമയവും ഇതോടെ കൂടുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയെ AL3-ലേക്ക് മാറ്റാനുള്ള ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ പുറത്തുവന്ന വ്യാജ ഡിഗ്രി കേസുകളാണ് ശ്രദ്ധയിൽപ്പെട്ടത്. പ്രത്യേകിച്ച് കേരള പൊലീസിന്റെ വ്യാജ ഡിഗ്രി റാക്കറ്റ് കണ്ടെത്തലിന് പിന്നാലെ ഓസ്ട്രേലിയയിൽ വലിയ ചര്‍ച്ചയായിരുന്നു.
ഓസ്ട്രേലിയ “Big 4” രാജ്യങ്ങളിൽ (യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ) ഏറ്റവും കുറവ് പ്രശ്നമുളള പഠനലക്ഷ്യരാജ്യമെന്ന നിലയിലേക്ക് മാറിയപ്പോൾ വിസ സമഗ്രത ഉറപ്പാക്കാൻ കൂടുതൽ കർശന നടപടികൾ അനിവാര്യമാണെന്ന് ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ജൂലിയൻ ഹിൽ പറഞ്ഞു