
സിഡ്നി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഓസ്ട്രേലിയയുടെ മൈത്രി സ്കോളർഷിപ്പ്, ഗ്രാന്റ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 2025-26-ലെ മൈത്രി ഗ്രാന്റ്, മൈത്രി സ്കോളർഷിപ്പുകൾ, മൈത്രി ഫെല്ലോഷിപ്പുകൾ പദ്ധതികൾക്കായുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിന്‍റെ ഓഫീസ് അറിയിച്ചു. മൈത്രി സ്കോളർഷിപ്പ് പ്രോഗ്രാം ഇന്ത്യയിലെ മികച്ച വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിലെ ലോകോത്തര സർവകലാശാലകളിൽ പഠിക്കാൻ പിന്തുണ നൽകുന്നു
ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താൻ രൂപീകരിച്ച മൈത്രി (സൗഹൃദം) പദ്ധതികളുടെ ഭാഗമായി ഇതുവരെ 71 പ്രോജക്റ്റുകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. മൂന്നു തരം മൈത്രി പദ്ധതികളാണുള്ളത്.
ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധം നൂതനമായ രീതിയിൽ ശക്തിപ്പെടുത്തുകയും ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ സാമ്പത്തിക ഇടപെടലിനുള്ള ഒരു പുതിയ റോഡ്‌മാപ്പ് നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന പദ്ധതികളെ മൈത്രി ഗ്രാന്റ് പ്രോഗ്രാം പിന്തുണയ്ക്കുന്നു.
മൈത്രി സ്കോളർഷിപ്പ് ഉന്നത നിലവാരം പുലർത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ STEM-അനുബന്ധ മേഖലകളിൽ ഉന്നത വിദ്യാഭ്യാസ പഠനം പൂർത്തിയാക്കാൻ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിലേക്ക് ക്ഷണിക്കുന്നതാണ്.
ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും പ്രൊഫഷണലുകൾക്ക് ഗവേഷണത്തിലും മറ്റ് മേഖലകളിലും സഹകരിക്കാൻ അവസരമൊരുക്കുന്നതാണ് മൈത്രി ഫെലോഷിപ്പ്.
ഈ മൂന്ന് മൈത്രി പദ്ധതികളും രണ്ടു രാജ്യങ്ങൾക്കുമിടയിൽ ദൃഢമായ ബന്ധങ്ങൾ സൃഷ്ടിക്കുകയും, വിവിധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയും ചെയ്യും. മൈത്രി പദ്ധതികളിലൂടെ ഇന്ത്യയുമായുള്ള ബിസിനസ്-സാംസ്കാരിക ബന്ധങ്ങൾ വളർത്തുന്നതും, നയപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, ഇന്ത്യൻ പ്രവാസി സമൂഹവുമായി ഇടപഴകുന്നതും ഓസ്‌ട്രേലിയയുടെ ഭാവി സമൃദ്ധിക്ക് നിർണായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.