ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ തകർച്ച; 2022-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവ് രേഖപ്പെടുത്തി ജൂൺ

ഭവന വിപണി അതിന്റെ പരമാവധി വളർച്ചയിൽ എത്തിയത് ഇക്കഴിഞ്ഞ മാർച്ചിലാണെന്നും ഭേദഗതി ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു.
ഭവന  വിൽപ്പന
(iStock)
Published on

സിഡ്‌നി: ഓസ്‌ട്രേലിയൻ ഭവന വിപണിയിലെ മന്ദഗതി രാജ്യം മുഴുവൻ വ്യാപിക്കുന്നതായി പ്രോപ്പർട്ടി ഡാറ്റാ സ്ഥാപനമായ 'കോട്ടാലിറ്റി' (Cotality). സിഡ്‌നി, മെൽബൺ നഗരങ്ങളിൽ ആരംഭിച്ച ഈ പ്രതിസന്ധി ഇപ്പോൾ മറ്റ് പ്രവിശ്യകളിലേക്കും പടർന്നതോടെ, കഴിഞ്ഞ ജൂൺ മാസത്തിൽ ദേശീയ ഭവന മൂല്യത്തിൽ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 2022-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. ഭവന വിപണി അതിന്റെ പരമാവധി വളർച്ചയിൽ എത്തിയത് ഇക്കഴിഞ്ഞ മാർച്ചിലാണെന്നും ഭേദഗതി ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു.

നഗരങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ സിഡ്‌നിയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് (1.2%). മെൽബണിൽ വീടുകളുടെ വിലയിൽ 1 ശതമാനത്തിന്റെ കുറവുണ്ടായി. മുൻപ് മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്ന ബ്രിസ്ബേൻ, പെർത്ത് വിപണികളിലെ വളർച്ചാ നിരക്ക് വളരെ കുറയുകയും അഡ്‌ലെയ്ഡിലെ വില്പന നിലയ്ക്കുകയും ചെയ്തു. ഇതോടെ ഓസ്‌ട്രേലിയൻ പ്രോപ്പർട്ടി വിപണി പൂർണ്ണമായും തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് കോട്ടാലിറ്റി റിസർച്ച് ഹെഡ് ജെറാർഡ് ബർഗ് വ്യക്തമാക്കി. തുടർച്ചയായ മൂന്ന് പലിശനിരക്ക് വർദ്ധനവുകൾ , പശ്ചിമേഷ്യൻ സംഘർഷം മൂലം ഉപഭോക്താക്കൾ നേരിടുന്ന ഉയർന്ന ഇന്ധന-ഊർജ്ജ ചെലവുകൾ, ബജറ്റിലെ പുതിയ നികുതി പരിഷ്കരണങ്ങൾ എന്നിവ ഭവന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപകർ പിൻവാങ്ങുന്നു; നിർമ്മാണ മേഖലയിലും പ്രതിസന്ധി:

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നെഗറ്റീവ് ഗിയറിങ്, ക്യാപിറ്റൽ ഗെയിൻസ് ടാക്സ് എന്നിവയിലെ മാറ്റങ്ങൾ വിപണിയിൽ കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചതായി വെസ്റ്റ്പാക് സീനിയർ ഇക്കണോമിസ്റ്റ് മാത്യു ഹസ്സൻ ചൂണ്ടിക്കാട്ടി. ബാങ്കുകളിലെ ഇൻവെസ്റ്റ്‌മെന്റ് ലോൺ അപേക്ഷകളിൽ 20 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ നിയമങ്ങൾ തങ്ങളുടെ ലാഭത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ പല വൻകിട നിക്ഷേപകരും നിലവിൽ വീടുകൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

പഴയ വീടുകൾക്ക് പകരം പുതിയ നിർമ്മാണങ്ങളിലേക്ക് ( നിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ ഇതിന് തടസ്സമാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിർമ്മാണച്ചെലവുകൾ 20 മുതൽ 30 ശതമാനം വരെ ഉയർന്നതും, പ്ലാനിംഗ് അനുമതികൾ ലഭിക്കാനുള്ള കടുത്ത കാലതാമസവും പുതിയ പ്രൊജക്റ്റുകൾ ആരംഭിക്കുന്നത് ലാഭകരമല്ലാതാക്കി മാറ്റിയതായി സിഡ്‌നി ആസ്ഥാനമായുള്ള പ്രമുഖ ഡെവലപ്പർമാരായ റോസ്‌വെൽ ഗ്രൂപ്പ് സിഇഒ ലൂയി ബെയ്നി വ്യക്തമാക്കി. വിപണിയിൽ ആളുകൾക്ക് വീട് വാങ്ങാനുള്ള താല്പര്യമുണ്ടെങ്കിലും, ഉയർന്ന പലിശനിരക്ക് കാരണം ഭൂരിഭാഗം പേർക്കും അതിനുള്ള സാമ്പത്തിക ശേഷി ഇല്ലാതായിരിക്കുകയാണെന്ന് നിർമ്മാണ മേഖലയിലെ വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു.

Metro Australia
maustralia.com.au