ആശുപത്രി വരാന്തകളിൽ വീർപ്പുമുട്ടി രോഗികൾ; എമർജൻസി വിഭാഗങ്ങളിലെ കാത്തിരിപ്പ് സമയം കുതിച്ചുയരുന്നു

ഓസ്‌ട്രലേഷ്യൻ കോളേജ് ഫോർ എമർജൻസി മെഡിസിൻ (ACEM) പുറത്തുവിട്ട വാർഷിക 'സ്റ്റേറ്റ് ഓഫ് എമർജൻസി' റിപ്പോർട്ടിലാണ് രാജ്യത്തെ ആരോഗ്യസംവിധാനം നേരിടുന്ന ഗുരുതര വെല്ലുവിളികൾ അക്കമിട്ട് നിരത്തുന്നത്
എമർജൻസി വിഭാഗങ്ങളിലെ കാത്തിരിപ്പ് സമയം കുതിച്ചുയരുന്നു
എമർജൻസി വിഭാഗങ്ങളിലെ കാത്തിരിപ്പ് സമയം കുതിച്ചുയരുന്നു
Published on: 

മെൽബൺ: വർധിച്ചുവരുന്ന വയോജന ജനസംഖ്യയ്ക്കൊപ്പം ഓസ്‌ട്രേലിയയിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ (ED) രോഗികളുടെ കാത്തിരിപ്പ് സമയം അനിയന്ത്രിതമായി ഉയരുന്നതായി മുന്നറിയിപ്പ്. അടിയന്തര പരിചരണ രംഗത്തെ ഡോക്ടർമാരുടെ ഉന്നത സമിതിയായ ഓസ്‌ട്രലേഷ്യൻ കോളേജ് ഫോർ എമർജൻസി മെഡിസിൻ (ACEM) പുറത്തുവിട്ട വാർഷിക 'സ്റ്റേറ്റ് ഓഫ് എമർജൻസി' റിപ്പോർട്ടിലാണ് രാജ്യത്തെ ആരോഗ്യസംവിധാനം നേരിടുന്ന ഗുരുതര വെല്ലുവിളികൾ അക്കമിട്ട് നിരത്തുന്നത്. ആശുപത്രി വരാന്തകളിൽ കട്ടിലുകളും ഇടവുമില്ലാതെ പ്രായമായ രോഗികൾ മണിക്കൂറുകളോളം വേദന തിന്ന് കഴിയേണ്ടി വരുന്ന സ്ഥിതി നിത്യസംഭവമായി മാറിയിരിക്കുകയാണ്.

റിപ്പോർട്ട് പ്രകാരം, അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന വയോധികരിൽ 54 ശതമാനം പേർക്ക് മാത്രമാണ് 8 മണിക്കൂറിനുള്ളിൽ കിടക്കകൾ ലഭ്യമാകുന്നത്; 2018–19 കാലഘട്ടത്തിൽ ഇത് 75 ശതമാനമായിരുന്നു. കൂടാതെ എമർജൻസി വിഭാഗങ്ങളിൽ 24 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്ന മുതിർന്ന പൗരന്മാരുടെ എണ്ണം 15,084-ൽ നിന്ന് 53,510 ആയി കുതിച്ചുയർന്നു (3.5 മടങ്ങ് വർധനവ്). പെർത്തിലെ സെന്റ് ജോൺ ഓഫ് ഗോഡ് മിഡ്‌ലാൻഡ് ഹോസ്പിറ്റലിൽ വയോധികയായ ഒരു രോഗി പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ ആശുപത്രി വരാന്തയിൽ 48 മണിക്കൂറോളം കഴിയേണ്ടി വന്ന സംഭവം വലിയ ചർച്ചയായിട്ടുണ്ട്.

ഏജ്ഡ് കെയർ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നം ഇത്രയേറെ വഷളാക്കുന്നതെന്ന് എസിഇഎം പ്രസിഡന്റ് ഡോ. പീറ്റർ അല്ലെലി ചൂണ്ടിക്കാട്ടി. 2030-ഓടെ രാജ്യത്തെ അഞ്ചിൽ ഒരാൾ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായി മാറും. ഈ ജനസംഖ്യാപരമായ മാറ്റത്തെ ഉൾക്കൊള്ളാൻ ആവശ്യമായ ആരോഗ്യ പ്രവർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ആശുപത്രികളുടെ ഭരണം സംസ്ഥാന-ടെറിട്ടറി സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും ഫെഡറൽ സർക്കാർ ആശുപത്രികളുടെ സമ്മർദ്ദം കുറയ്ക്കാൻ ചരിത്രപരമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ-ഏജിംഗ് മന്ത്രി മാർക്ക് ബട്‌ലർ പ്രതികരിച്ചു.

Metro Australia
maustralia.com.au