

ഓസ്ട്രേലിയയിലെ പ്രധാന കോൾ (കൽക്കരി) കയറ്റുമതി തുറമുഖങ്ങളിലൊന്നായ ന്യൂകാസിൽ പോർട്ടിലെ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ പോലെ പുനരാരംഭിക്കുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസവും നടന്ന കാലാവസ്ഥാ പ്രതിഷേധം കാരണം ഞായറാഴ്ച കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ന്യൂ സൗത്ത് വെയിൽസിലെ തലസ്ഥാനമായ സിഡ്‌നിയിൽ നിന്ന് 170 കിലോമീറ്റർ വടക്കുള്ള ഈ തുറമുഖം ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ ഏറ്റവും വലിയ ബൾക്ക് ഷിപ്പിംഗ് തുറമുഖമാണ്. കാലാവസ്ഥാ മാറ്റ വിഷയത്തിൽ ശക്തമായ രാഷ്ട്രീയ-സാമൂഹ്യ വിഭജനങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. പ്രതിഷേധത്തെ തുടർന്ന് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ അലൂമിനിയം സ്മെൽട്ടറായ ടോമാഗോയ്ക്ക് അലുമിനാ കൊണ്ടുപോകുന്ന ചരക്കുകപ്പലുകൾ ഉൾപ്പെടെയുള്ള ഗതാഗതങ്ങൾ തടസ്സപ്പെട്ടിരുന്നു.
റൈസിംഗ് ടൈഡ് എന്ന സംഘടനയുടെ വാക്കുകള പ്രകാരം, ഞായറാഴ്ച (നവംബർ 30) 100-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ ഒരു കപ്പൽ തിരികെ പോകേണ്ടി വന്നിരുന്നു; 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷവും നടന്ന സമാനമായ പ്രതിഷേധത്തിൽ 170 പേർ അറസ്റ്റിലായിരുന്നു.