
സിഡ്നി: ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ വ്യതിയാന, ഊർജ്ജ മന്ത്രി ക്രിസ് ബോവൻ ഇന്ത്യ സന്ദർശിക്കുന്നു. ഓസ്‌ട്രേലിയൻ കാലാവസ്ഥ, ഊർജ്ജം, പരിസ്ഥിതി, ജല വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് ക്രിസ് ബോവൻ ഇന്ത്യയ്ക്കൊപ്പം ചൈനാ സന്ദർശനവും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ, അദ്ദേഹം ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്രതിനിധികളുമായി നിരവധി യോഗങ്ങൾ നടത്തും. കേന്ദ്ര ഊർജ്ജ മന്ത്രിയായ പ്രഹ്ലാദ് ജോഷിയുമായും ഉപഭോക്തൃകാര്യങ്ങൾ, ഭക്ഷണം, പൊതുവിതരണം വകുപ്പിന്റെ പ്രതിനിധികളുമായും ചേർന്ന്പുനരുപയോഗ ഊർജ്ജ പങ്കാളിത്ത മന്ത്രിമാരുടെ ആദ്യ യോഗം വിളിക്കുകയും ചെയ്യും.
ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഓസ്‌ട്രേലിയ സന്ദർശിച്ച് പ്രധാനമന്ത്രി ആന്റണി അൽബനീസ്, വിദേശകാര്യ മന്ത്രി പെനി വോങ്, പ്രതിരോധ മന്ത്രി റിച്ചാർഡ് മാർൽസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ക്രിസ് ബോവന്‍റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയും ഓസ്‌ട്രേലിയയും നവീകരണ ഊർജ്ജ രംഗത്ത് കൂടുതൽ സഹകരണം ഉറപ്പാക്കാനും, സൗരോർജ്ജം, ഗ്രീൻ ഹൈഡ്രജൻ, എനർജി സ്റ്റോറേജ് തുടങ്ങിയ മേഖലകളിൽ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം.