വ്യാപകമായി എച്ച്5എൻ1 പക്ഷിപ്പനി; ഓസ്‌ട്രേലിയയിലെ ഫ്രീ-റേഞ്ച് പൗൾട്രി മേഖല കടുത്ത പ്രതിസന്ധിയിൽ

തുറസ്സായ പുൽത്തകിടികളിൽ തീറ്റതേടുന്ന ഫ്രീ-റേഞ്ച് പക്ഷികൾക്കാണ് വന്യജീവികളിൽ നിന്ന് രോഗബാധയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യത.
ഓസ്‌ട്രേലിയയിലെ ഫ്രീ-റേഞ്ച് പൗൾട്രി മേഖല പ്രതിസന്ധിയിൽ
ഓസ്‌ട്രേലിയയിലെ ഫ്രീ-റേഞ്ച് പൗൾട്രി മേഖല പ്രതിസന്ധിയിൽ
Published on

അഡ്‌ലെയ്ഡ്: അതീവ പ്രഹരശേഷിയുള്ള എച്ച്5എൻ1 പക്ഷിപ്പനി കാട്ടുപക്ഷികളിൽ അതിവേഗം പടരുന്നതോടെ ഓസ്‌ട്രേലിയയിലെ ഫ്രീ-റേഞ്ച് കോഴി-ടർക്കി കർഷകർ കടുത്ത ആശങ്കയിൽ. വന്യപക്ഷികളിൽ നിന്നും കടൽപക്ഷികളിൽ നിന്നും വൈറസ് ഫാമുകളിലെ വളർത്തുപക്ഷികളിലേക്ക് പടരുമോയെന്നാണ് കർഷകരെ ഭയപ്പെടുത്തുന്നത്. പോർട്ട് മക്‌ഡൊണൽ അടക്കമുള്ള തീരദേശ മേഖലകളിൽ നൂറുകണക്കിന് പക്ഷികൾ ചത്തൊടുങ്ങുന്നതിനൊപ്പം നീർനായ്ക്കൾ, കുറുക്കൻ തുടങ്ങിയ സസ്തനികളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തുറസ്സായ പുൽത്തകിടികളിൽ തീറ്റതേടുന്ന ഫ്രീ-റേഞ്ച് പക്ഷികൾക്കാണ് വന്യജീവികളിൽ നിന്ന് രോഗബാധയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യത. രോഗവ്യാപനം തടയാൻ പക്ഷികളെ കൂട്ടിലടയ്ക്കണമെന്ന് (Mandatory housing) അധികൃതർ നിർദ്ദേശിച്ചാൽ ആവശ്യത്തിന് ഷെഡുകളില്ലാത്ത ചെറുകിട കർഷകർക്ക് അത് വലിയ തിരിച്ചടിയാകും. ജൈവസുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും അടച്ചുപൂട്ടൽ ഒഴിവാക്കാനും വൻതോതിലുള്ള സാമ്പത്തിക നിക്ഷേപം ആവശ്യമായി വരുന്നത് വരാനിരിക്കുന്ന ക്രിസ്മസ് വിപണിയെയും പൗൾട്രി വ്യവസായത്തിന്റെ നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

Metro Australia
maustralia.com.au