

മെൽബൺ: ഹോം ലോൺ പലിശ കുറയ്ക്കുന്നതിനായി ഓസ്‌ട്രേലിയക്കാർ വ്യാപകമായി ഉപയോഗിക്കുന്ന 'മോർട്ട്ഗേജ് ഓഫ്‍സെറ്റ് അക്കൗണ്ടുകളിൽ' ബാങ്കുകളുടെ ഭാഗത്തുനിന്ന് വൻ വീഴ്ചയെന്ന് റിപ്പോർട്ട്. അക്കൗണ്ടുകൾ കൃത്യമായി ലിങ്ക് ചെയ്യുന്നതിലും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്ത പലിശയിളവ് നൽകുന്നതിലും വീഴ്ച വരുത്തിയതിനെ തുടർന്ന് ബാങ്കുകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 55 ദശലക്ഷത്തിലധികം ഡോളറാണ് (നഷ്ടപരിഹാരമായി നൽകിയത്. ഓസ്‌ട്രേലിയൻ കോർപ്പറേറ്റ് റഗുലേറ്ററായ 'എസിക്' (ASIC) നടത്തിയ അവലോകനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
രാജ്യത്തെ 70 ശതമാനത്തിലധികം ഹോം ലോൺ വിപണി കൈയാളുന്ന എട്ട് പ്രമുഖ ബാങ്കുകളിൽ (ANZ, CBA, Westpac, NAB, Macquarie, HSBC, ING, AMP) നടത്തിയ പരിശോധനയിലാണ് മാനുവൽ പ്രൊസസിംഗിലെ പിഴവുകളും സാങ്കേതിക തകരാറുകളും കണ്ടെത്തിയത്. ഉപഭോക്താക്കളുടെ തിരിച്ചടവ് തുകയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ പലിശ ഇനത്തിൽ പണം അധികമായി നഷ്ടപ്പെടുന്നത് അടിയന്തരമായി തിരിച്ചറിയാൻ സാധിക്കാറില്ലെന്ന് എസിക് ചെയർപേഴ്‌സൺ സാറ കോർട്ട്ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ വീഴ്ചകൾ കണ്ടെത്തി പരിഹരിച്ചു വരികയാണെന്നും ബാക്കി വരുന്ന തുക അടിയന്തരമായി ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്നും ഓസ്‌ട്രേലിയൻ ബാങ്കിംഗ് അസോസിയേഷൻ പ്രതികരിച്ചു.