

ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ 15 കിലോമീറ്ററിനുള്ളിലാണ് സ്രാവുകളുടെ ആക്രമണം രൂക്ഷമാവുന്നു. വെറും 48 മണിക്കൂറിൽ സ്രാവുകൾ കടിച്ച് കീറിയത് 4 പേരെയാണ്. കടൽ തീരത്ത് അടക്കം ഇറങ്ങുന്നവർക്ക് നേരെ സ്രാവുകൾ പാഞ്ഞെത്താൻ തുടങ്ങിയതോടെ ബീച്ചിൽ ഇറങ്ങുന്നതിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സിഡ്നി തുറമുഖത്തിന് സമീപത്തായി നീന്തിക്കൊണ്ടിരുന്ന 12കാരനെ ജനുവരി 18നാണ് സ്രാവുകൾ ആക്രമിച്ചത്. ഗുരുത. പരിക്കേറ്റ കൗമാരക്കാരൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പിന്നാലെ സർഫിംഗിനിറങ്ങിയ 11കാരനെയാണ് ഡീ വൈ ബിബിച്ചിൽ സ്രാവുകൾ ആക്രമിച്ചത്. ഇതേസമയത്ത് തന്നെ മറ്റൊരു യുവാവിനെയും സ്രാവുകൾ ആക്രമിച്ചിരുന്നു. ജനുവരി 20ന് സർഫിംഗിന് ഇറങ്ങിയ യുവാവിന്റെ നെഞ്ചിലാണ് സ്രാവിന്റെ കടിയേറ്റത്. 20 വർഷത്തിനിടയിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സ്രാവ് ആക്രമണങ്ങൾ ആദ്യമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. സ്രാവുകളെ ഭയന്ന് സ്രാവുകളെ കൊല്ലണമെന്നുള്ള ആവശ്യം പ്രദേശവാസികൾക്കിടയിൽ ശക്തമാവുകയാണ്.
എന്നാൽ സ്രാവുകളോടുള്ള മനുഷ്യന്റെ ഇടപെടലിൽ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും അവയെ കൊന്നൊടുക്കുകയല്ല വേണ്ടതെന്നുമാണ് വിദഗ്ധർ വിശദമാക്കുന്നത്. പരിസ്ഥിതിയിൽ പതിവില്ലാത്ത രീതിയിൽ വരുന്ന മാറ്റങ്ങളാണ് സ്രാവുകളെ ഇത്തരത്തിൽ പ്രകോപനമില്ലാതെയുള്ള ആക്രമണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഓസ്ട്രേലിയയിൽ പെയ്ത കനത്ത മഴയാണ് ഇതിന് കാരണം. മറ്റു സ്രാവുകൾ നിലനിൽക്കാൻ ആഗ്രഹിക്കാത്ത ചൂടുള്ളതും അഴിമുഖങ്ങളോട് ചേർന്നുള്ള വെള്ളവുമാണ് ഇവയെ തീരത്തോട് ആകർഷിക്കുന്നതെന്നാണ് സിഡ്നി സർവ്വകലാശാലയിലെ വിദഗ്ധർ വിശദമാക്കുന്നത്. സമീപകാലത്തെ മഴ വലിയ തോതിൽ മാലിന്യങ്ങൾ അഴിമുഖത്തേക്ക് എത്തിച്ചതും അതിനാൽ ഇങ്ങോട്ടേക്ക് ചെറുമത്സ്യങ്ങളെ ആകർഷിക്കുന്നു. ഇതിനാൽ ആവശ്യത്തിന് ഭക്ഷണവും അഴിമുഖങ്ങളിൽ ബുൾ സ്രാവുകൾക്ക് തീരത്തിന് സമീപത്ത് ലഭിക്കുന്നുവെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.