ടോക്കിയോ: യാത്രക്കാർ തങ്ങളുടെ പെരുമാറ്റത്തിൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്കി ജപ്പാനിലെ ഓസ്‌ട്രേലിയൻ എംബസി. ഒരു ഇൻസ്റ്റാഗ്രാമർ ജാപ്പനീസ് ശവകുടീരത്തിൽ നിന്ന് നിവേദ്യ വസ്തുക്കൾ കുടിച്ചതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് യാത്രക്കാർ തങ്ങളുടെ പെരുമാറ്റത്തിൽ ശ്രദ്ധിക്കണമെന്ന് ജപ്പാനിലെ ഓസ്‌ട്രേലിയൻ എംബസി മുന്നറിയിപ്പ് നല്കിയത്.
ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിയാണെന്ന് കരുതുന്ന ലോച്ചി ജോൺസ്, നടന്ന ഒരു ശവകുടീരത്തിൽ എത്തുന്നതും അവിടെ ജപ്പാനിലെ രീതിയനുസരിച്ച് പൂർവ്വികർക്ക് വഴിപാടായി വച്ചിരിക്കുന്ന ഒരു ക്യാനിൽ നിന്ന് പാനീയം കുടിക്കുന്നതുമാണ് പോസ്റ്റ് ചെയ്തത്. പാനീയം കുടിക്കുന്നതിനു മുൻപ് അത് തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നാണയം ടോസ് ചെയ്യുന്നതും കാണിക്കുന്നുണ്ട്. പിന്നീട് ശവകുടീരത്തിന് മുന്നിൽ നിന്നുതന്നെ പാനീയം കുടിച്ച ശേഷം ഏമ്പക്കം വിടുന്നതും വീഡിയോയിൽ ഉണ്ട്.
നാല് ആഴ്ചകൾക്ക് മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. “ഏത് രാജ്യത്തും ശവസംസ്കാര സ്ഥലങ്ങൾ പവിത്രമാണ്.. അയാൾക്ക് ഇനി ജപ്പാനിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് (സർക്കാർ) ഉറപ്പാക്കണം,” ഒരു എക്സ് ഉപയോക്താവ് പറഞ്ഞു.
ചൊവ്വാഴ്ച, ഓസ്‌ട്രേലിയൻ എംബസി ഫേസ്ബുക്കിൽ, വീഡിയോയെ വ്യക്തമായി പരാമർശിക്കാതെ, യാത്രക്കാർ ജപ്പാനിൽ വരുമ്പോൾ “ഉചിതമായ പെരുമാറ്റം” ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയിൽ നിന്നുള്ള യാത്രക്കാർ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും ബഹുമാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ജപ്പാൻ അധികാരികളുമായി അടുത്ത് പ്രവർത്തിക്കുന്നു” എന്നും എംബസി വിശദമാക്കി.
അതേസമയം, ചൊവ്വാഴ്ച ലോച്ചി ജോൺസ്, തന്‍റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് ഒരു ക്ഷമാപണ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.