ലണ്ടൻ: നടനും ഹാസ്യകലാകാരനുമായ റസൽ ബ്രാൻഡിനെതിരായ ബലാത്സംഗക്കേസിൽ നിർണായക മൊഴികളുമായി യുവതി. 2009ൽ ലണ്ടനിലെ വീട്ടിൽവെച്ച് റസൽ ബ്രാൻഡ് തന്നെ ബലാത്സംഗം ചെയ്തെന്നും ‘മൃഗത്തെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നും’ യുവതി കോടതിയിൽ മൊഴി നൽകി. ലണ്ടനിലെ സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് യുവതിയുടെ മൊഴി ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചത്.
1999 മുതൽ ഒരു ദശാബ്ദക്കാലയളവിൽ യുകെയിലെ ആറ് സ്ത്രീകളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ റസൽ ബ്രാൻഡ് മൂന്ന് ബലാത്സംഗക്കുറ്റങ്ങളും മൂന്ന് ലൈംഗികാതിക്രമക്കുറ്റങ്ങളും ഒരു മാന്യതയ്ക്ക് നിരക്കാത്ത ലൈംഗികാതിക്രമക്കുറ്റവും നേരിടുകയാണ്. 51കാരനായ ബ്രാൻഡ് തനിക്കെതിരായ എല്ലാ കുറ്റങ്ങളും നിഷേധിച്ചിട്ടുണ്ട്. പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് നേരത്തേ പൊലീസിനോടും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആറ് പരാതിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ യുവതിയുടെ പൊലീസ് മൊഴിയുടെ ദൃശ്യങ്ങളാണ് ബുധനാഴ്ച പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. സംഭവം നടക്കുമ്പോൾ യുവതിക്ക് 21 വയസും ബ്രാൻഡിന് 33 വയസുമായിരുന്നു പ്രായം. ഹാമർസ്മിത്ത് അപ്പോളോയിൽ ബ്രാൻഡിന്റെ തത്സമയ പരിപാടി കണ്ടശേഷമാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ ഡ്രസിങ് റൂമിൽവെച്ച് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് ബ്രാൻഡ് ഫോൺ നമ്പർ വാങ്ങി അടുത്ത ആഴ്ച വീട്ടിലേക്ക് ക്ഷണിച്ചെന്നും മൊഴിയിൽ പറയുന്നു. വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെങ്കിലും ആദ്യം കുളിക്കണമെന്ന് ബ്രാൻഡ് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. മുടിക്ക് വിചിത്രമായ ഗന്ധമുണ്ടെന്ന് പറഞ്ഞാണ് കുളിക്കാൻ ആവശ്യപ്പെട്ടത്. കുളിച്ചിറങ്ങിയപ്പോൾ പല്ലുതേക്കാനും നിർദേശിച്ചു. പരസ്പര സമ്മതത്തോടെ ആരംഭിച്ച ലൈംഗികബന്ധം പിന്നീട് തന്റെ സമ്മതമില്ലാത്ത പ്രവൃത്തിയിലേക്ക് മാറിയെന്നും നിർത്താൻ ആവശ്യപ്പെട്ട് അപേക്ഷിച്ചെന്നും യുവതി മൊഴി നൽകി.
ബ്രാൻഡിന്റെ അഭിഭാഷകൻ ഇയാൻ വിന്റർ നടത്തിയ വിസ്താരത്തിനിടെ, 2009ൽ താൻ ബ്രാൻഡിന്റെ വലിയ ആരാധികയായിരുന്നുവെന്ന് യുവതി സമ്മതിച്ചു. “എനിക്ക് അദ്ദേഹത്തോട് കടുത്ത ആരാധനയായിരുന്നു. ഞാൻ അദ്ദേഹത്തോട് അമിതമായി ആകർഷിക്കപ്പെട്ടിരുന്നു,” യുവതി പറഞ്ഞു. ഈ ആരാധനയും വികാരങ്ങളും യുവതിയുടെ വിവേചനശേഷിയെ ബാധിച്ചെന്നും അല്ലാത്തപക്ഷം ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ബ്രാൻഡിന്റെ വീട്ടിലേക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് പ്രതീക്ഷിച്ചതെന്നും യുവതി വ്യക്തമാക്കി. എന്നാൽ അവിടെ സംഭവിച്ചതിന് താൻ സമ്മതം നൽകിയിരുന്നില്ലെന്നും മൊഴികളിലുടനീളം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിനുശേഷം ബ്രാൻഡ് പരിഭ്രാന്തനായതുപോലെ തോന്നിയെന്നും താൻ ഉണ്ടാക്കിയ കുഴപ്പം വൃത്തിയാക്കാൻ ആവശ്യപ്പെട്ടെന്നും യുവതി കോടതിയിൽ പറഞ്ഞു. തുടർന്ന് ബാത്ത്റൂമിലുണ്ടായിരുന്ന വെറ്റ് വൈപ്പുകൾ ഉപയോഗിക്കാൻ നിർദേശിച്ചെന്നും മൊഴിയിൽ പറയുന്നു.
ഏതാനും മാസങ്ങൾക്കുശേഷം എഡിൻബറോ ഫ്രിഞ്ച് ഫെസ്റ്റിവലിൽ വെച്ച് യുവതിയെ കണ്ട ബ്രാൻഡ് അയച്ച സന്ദേശങ്ങളെക്കുറിച്ചുള്ള രണ്ടാമത്തെ പൊലീസ് അഭിമുഖത്തിന്റെ ദൃശ്യങ്ങളും കോടതിയിൽ അവതരിപ്പിച്ചു. ആദ്യ സന്ദേശത്തിന്റെ ഉള്ളടക്കം ഓർമയില്ലെങ്കിലും, ‘എന്തിനാണ് ഇപ്പോഴും എനിക്ക് സന്ദേശമയക്കുന്നത്?’ എന്ന് മറുപടി നൽകിയതായി യുവതി പറഞ്ഞു. തുടർന്ന് ബ്രാൻഡ് ‘നീ വൃത്തികെട്ടവളാണ്, നിന്നെ കൂടുതൽ മുന്നോട്ട് തള്ളാൻ എനിക്ക് ആഗ്രഹമുണ്ട്’ എന്ന അർഥത്തിലുള്ള സന്ദേശം അയച്ചതായി യുവതി മൊഴി നൽകി. താൻ നേരിട്ട അനുഭവത്തെക്കുറിച്ച് ‘നിങ്ങൾ എന്നെ മതിയാവോളം മുന്നോട്ട് തള്ളി, ഒരു മൃഗത്തെപ്പോലെയാണ് എന്നോട് പെരുമാറിയത്’ എന്ന് മറുപടി നൽകിയെന്നും അപ്പോൾ ബ്രാൻഡ് ഉടൻ ക്ഷമാപണം നടത്തിയെന്നും യുവതി പറഞ്ഞു.
‘നിങ്ങൾ എന്നെ ബലാത്സംഗം ചെയ്തു’ എന്ന് അന്ന് മറുപടി നൽകിയിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് യുവതി സമ്മതിച്ചു. എന്നാൽ സംഭവത്തിന് താൻ സമ്മതം നൽകിയിരുന്നില്ലെന്ന് അവർ ആവർത്തിച്ചു. സംഭവത്തിനുശേഷം അടുത്ത സുഹൃത്തുക്കളോടും മാതാപിതാക്കളോടും വിവരം പറഞ്ഞതായും ചികിത്സയ്ക്കായി മാതാപിതാക്കൾ തന്നെ ക്ലിനിക്കിൽ കൊണ്ടുപോയതായും യുവതി വ്യക്തമാക്കി. എന്നാൽ അന്ന് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരുന്നില്ല. കേസിൽ വിചാരണ തുടരുകയാണ്.