അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഓസ്‌ട്രേലിയൻ യാത്രക്കാരുടെ യാത്രാ പദ്ധതികൾ താറുമാറായി. ഇറാൻ, ഇറാഖ്, ഇസ്രായേൽ, സിറിയ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇറ്റലിയിലേക്ക് പോകുകയായിരുന്ന ഓസ്‌ട്രേലിയൻ പൗരന്മാരും കുട്ടികളും ദോഹയിൽ കുടുങ്ങിക്കിടക്കുകയാണ്. വിസ കാലാവധി അവസാനിച്ച യാത്രക്കാർ പെർത്ത് വിമാനത്താവളത്തിൽ കുടുങ്ങിയത് വലിയ നിയമപ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. സിഡ്‌നിയിൽ നിന്ന് ദോഹയിലേക്ക് പോയ വർജിൻ ഓസ്‌ട്രേലിയ വിമാനങ്ങൾ ഉൾപ്പെടെ പല സർവീസുകളും പാതിവഴിയിൽ നിന്ന് തിരിച്ചുവിട്ടു. എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.