ഇന്തോനേഷ്യയിൽ യുവാക്കൾക്കിടയിൽ വിവാഹത്തോടുള്ള താല്പര്യം ഗണ്യമായി കുറയുന്നതായി റിപ്പോർട്ടുകൾ. പത്ത് വർഷം മുൻപ് 21 ലക്ഷമായിരുന്ന വിവാഹങ്ങൾ 2024-ൽ 14.7 ലക്ഷമായി ചുരുങ്ങി. സാമ്പത്തിക ബാധ്യതകൾ, വീട് വാങ്ങാനുള്ള ബുദ്ധിമുട്ട്, കുട്ടികളെ വളർത്തുന്നതിലെ ചിലവുകൾ എന്നിവയാണ് പലരെയും വിവാഹത്തിൽ നിന്ന് പിന്നോട്ട് വലിപ്പിക്കുന്നത്. കൂടാതെ, ഡേറ്റിംഗ് ആപ്പുകളിലെ തട്ടിപ്പുകളും ചതികളും യുവാക്കൾക്കിടയിൽ വലിയ തോതിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
ഓൺലൈൻ ഡേറ്റിംഗിൽ വിശ്വാസം നഷ്ടപ്പെട്ടതോടെ നേരിട്ടുള്ള കൂടിക്കാഴ്ചകൾക്കും പരമ്പരാഗത രീതിയിലുള്ള മാച്ച് മേക്കിംഗിനും ഇപ്പോൾ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിവാഹപ്രായമെത്തിയവരുടെ ബയോഡാറ്റകൾ (CV) പ്രദർശിപ്പിച്ച് പങ്കാളികളെ കണ്ടെത്തുന്ന രീതിക്ക് ഇന്തോനേഷ്യയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. എഐ (AI) ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളാണ് ഇത്തരം സിവികളിൽ ഉപയോഗിക്കുന്നത്. സുരക്ഷിതമായും വിശ്വാസ്യതയോടെയും ജീവിതപങ്കാളിയെ കണ്ടെത്താൻ ഈ രീതി സഹായിക്കുമെന്ന് യുവാക്കൾ കരുതുന്നു.
വിവാഹനിരക്ക് വർദ്ധിപ്പിക്കാൻ ഇന്തോനേഷ്യൻ ഗവൺമെന്റും സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി സർക്കാർ ചെലവിൽ കൂട്ടവിവാഹങ്ങൾ സംഘടിപ്പിക്കുകയും നവദമ്പതികൾക്ക് ബിസിനസ്സ് തുടങ്ങാൻ പണവും സമ്മാനങ്ങളും നൽകുകയും ചെയ്യുന്നു. എങ്കിലും, വിവാഹം എന്നത് കേവലം ഒരു ചടങ്ങല്ലെന്നും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ മാത്രമേ യുവാക്കൾ ഇതിലേക്ക് ആകൃഷ്ടരാകൂ എന്നും സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു