ഓസ്‌ട്രേലിയൻ താരം ജൊവാന വെട്രിക്  (Photograph: VCG/Getty Images)
World

ചൈനയിലെ ഹൈറോക്സ് മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത; ക്ഷമാപണം നടത്തി ഓസ്‌ട്രേലിയൻ താരം

വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രസ്താവനയിൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടതായിരുന്നുവെന്ന് വെട്രിക് സമ്മതിച്ചു.

Safvana Jouhar

ബെയ്ജിങ്: ചൈനയിൽ നടന്ന ഹൈറോക്സ് ഫിറ്റ്നസ് മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത നേരിട്ടിട്ടും മത്സരം പൂർത്തിയാക്കി വിജയിച്ച ഓസ്‌ട്രേലിയൻ താരം ജൊവാന വെട്രിക് മാപ്പ് പറഞ്ഞു. ചൈനയിലെ ജനങ്ങളോടും സഹതാരങ്ങളോടും കാണികളോടും ഹൈറോക്സ് സംഘാടകരോടുമാണ് താരം ഖേദം പ്രകടിപ്പിച്ചത്.

ബെയ്ജിങ്ങിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് വെട്രിക്കിന് മലവിസർജനം നിയന്ത്രിക്കാനാകാതെ പോയത്. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറാതെ ഓട്ടവും കഠിനമായ ഫിറ്റ്നസ് ഇനങ്ങളും പൂർത്തിയാക്കി താരം വിജയിക്കുകയായിരുന്നു. മത്സരത്തിനിടെ പങ്കുവെച്ച് ഉപയോഗിക്കുന്ന ഉപകരണങ്ങളും താരം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രസ്താവനയിൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടതായിരുന്നുവെന്ന് വെട്രിക് സമ്മതിച്ചു. മത്സരത്തിന് തുടക്കത്തിൽ താൻ പൂർണ ആരോഗ്യവതിയായിരുന്നെന്നും അസ്വസ്ഥത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. തുടരാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും താരം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മറ്റുള്ളവർക്ക് ഉണ്ടായ അസൗകര്യത്തിലും ബുദ്ധിമുട്ടിലും താൻ അഗാധമായി ഖേദിക്കുന്നതായും അവർ പറഞ്ഞു. മത്സരത്തിൽ നേടിയ പോയിന്റുകൾ ഉപേക്ഷിക്കാനും ജയം ഔദ്യോഗികമായി പിൻവലിക്കാനും വെട്രിക് തീരുമാനിച്ചു. ഈ അനുഭവത്തിൽ നിന്ന് താൻ പഠിച്ചുവെന്നും “റേസിങ്ങിനേക്കാൾ ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്” എന്നത് ഓർക്കുമെന്നും താരം പറഞ്ഞു.

നിയമങ്ങളിൽ അടിയന്തര മാറ്റവുമായി ഹൈറോക്സ്

സംഭവത്തിൽ വെട്രിക്കിനെ മത്സരം പൂർത്തിയാക്കാനും വിജയിക്കാനും അനുവദിച്ചതിൽ ഹൈറോക്സും നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. മത്സരത്തിനിടെ ഉടൻ ഇടപെടാതിരുന്നത് സംഘടനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് ഹൈറോക്സ് സഹസ്ഥാപകൻ മോറിറ്റ്സ് ഫുർസ്റ്റേ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമങ്ങളിലും നടപടിക്രമങ്ങളിലും ഉടൻ മാറ്റം വരുത്തിയതായി ഹൈറോക്സ് അറിയിച്ചു.

2017ൽ ജർമനിയിൽ ആരംഭിച്ച ഹൈറോക്സ് ഫിറ്റ്നസ് മത്സരം ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നടക്കുന്നു. 2024 അവസാനത്തോടെയാണ് ചൈനയിൽ ഹൈറോക്സ് ആദ്യമായി സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും ഒരു കിലോമീറ്റർ ഓട്ടത്തിന് പിന്നാലെ ഉയർന്ന തീവ്രതയുള്ള ഫിറ്റ്നസ് ഇനങ്ങൾ പൂർത്തിയാക്കുന്ന രീതിയിലാണ് മത്സരം. റോയിങ്, സ്ലെഡ് പുഷ്, ബർപി ജംപ്, മെഡിസിൻ ബോൾ ത്രോ, സാൻഡ്ബാഗ് വഹിച്ചുള്ള ലഞ്ച് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

സംഭവത്തിന് മുമ്പുള്ള മത്സരച്ചട്ടങ്ങളിൽ മാലിന്യം വലിച്ചെറിയൽ, തുപ്പൽ തുടങ്ങിയ ചെറിയ നിയമലംഘനങ്ങൾക്ക് ശിക്ഷാ വ്യവസ്ഥകളുണ്ടായിരുന്നെങ്കിലും മലവിസർജ്യം സംഭവിക്കുന്ന സാഹചര്യത്തിൽ ഉടൻ സ്വീകരിക്കേണ്ട വ്യക്തമായ നടപടി ഉണ്ടായിരുന്നില്ല. വിവാദത്തിന് പിന്നാലെ കുറച്ചുകാലം വിശ്രമിക്കാനും സംഭവത്തെക്കുറിച്ച് ആലോചിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമാണ് തീരുമാനമെന്ന് വെട്രിക് അറിയിച്ചു.

SCROLL FOR NEXT